തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണ പൊലീസിന് നൽകിയ മൊഴികൾ കബളിപ്പിക്കുന്നത്. വിവിധ നിക്ഷേപങ്ങളിലിറക്കിയെന്ന് അവകാശപ്പെട്ട തുകകളിൽ തുടർച്ചയായി മൂന്ന് നാളിലായുള്ള ചോദ്യം ചെയ്യലിൽ ലഭിച്ച മറുപടികളിലും രേഖ പരിശോധനകളിലുമാണ് കബളിപ്പിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.

പബ് തുടങ്ങാൻ 16 കോടി നിക്ഷേപിച്ചുവെന്നത് നുണ‍യാണെന്ന് കണ്ടെത്തി. ഇതിന് വിനിയോഗിച്ചത് അഞ്ചുകോടി മാത്രമാണ്. കണ്ണൂരിൽ 22 ഏക്കർ വാങ്ങിയെന്നത് പരിശോധനയിൽ രണ്ടര ഏക്കർ മാത്രമാണുള്ളത്. അതേസമയം, വിവിധ പബുകളുടെ ബോർഡ് ഓഫ് ഷെയേഴ്സിൽനിന്ന് കഴിഞ്ഞ ഒരുവർഷത്തോളമായി വിട്ടിട്ടുണ്ട്. നേരത്തേ നൽകിയ മൊഴികളിൽ വൈരുധ്യത്തോടെയാണ് രണ്ട് ദിവസമായി പല ചോദ്യങ്ങൾക്കും നൽകിയത്.

ബിസിനസിൽ നിക്ഷേപിച്ചിരിക്കുന്നുവെന്ന മറുപടിക്കൊപ്പം ലോകം മാറ്റിമറിക്കുന്നതാവും ഇന്ത്യയിലെ തന്റെ ബിസിനസ് വളർച്ചയെന്ന സങ്കൽപ കഥകളുമാണ് നൽകുന്നത്. തൃശൂരിൽനിന്ന് ഇയാളുടെ രണ്ട് ബൈക്കുകൾ കൂടി ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. 2011 രജിസ്ട്രേഷനിലുള്ള, ഒരുലക്ഷം വീതം വിലയുള്ള ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. നേരത്തേ ഏഴ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വാടകക്ക് എടുത്തിരുന്നതാണ്. വെവ്വേറെ ഉടമകളുടെ പേരിലുള്ളതായിരുന്നു ഇവ.

ജനുവരി 28 വരെയാണ് പ്രവീൺ റാണ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുക്കുന്നത് അവസാനം മതിയെന്ന ആലോചനയിലാണ് പൊലീസ്. 19നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ കിട്ടിയത്. 130 കോടിയിലധികം രേഖാമൂലം സേഫ് ആൻഡ് സ്ട്രോങ്ങിന്റെ 33 അക്കൗണ്ടുകളിലായി ലഭിച്ചതായി തെളിവുണ്ട്. എന്നാൽ, ചെലവഴിച്ചത് കണ്ടെത്തുന്നത് പൊലീസിനെ വലക്കുകയാണ്. മൊഴികളിലെ വൈരുധ്യം പണം തട്ടിയെടുക്കുകയെന്ന ആസൂത്രിത ലക്ഷ്യത്തിലാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.