ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പകുതി സീറ്റുകള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പായി തന്നെ തങ്ങള്‍ മത്സരിക്കാന്‍ പാതി സീറ്റുകള്‍ വേണമെന്ന് സിപിഎമ്മിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആകെയുള്ള 60 സീറ്റില്‍ 30 എണ്ണമെങ്കിലും വേണമെന്നാണു കോണ്‍ഗ്രസ് സൂചിപ്പിച്ചിട്ടുള്ളത്. ഈ സമീപനമാണു ബിഹാറില്‍ തിരിച്ചടിയായതെന്നും ജയസാധ്യത മാത്രം മാനദണ്ഡമാക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ഗോത്ര സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള തിപ്ര മോത പാര്‍ട്ടിയുമായും ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും സിപിഎമ്മും. എന്നാല്‍, ഇതു തടയാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. ബിജെപി സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നു കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ആരോപിച്ചു. ജനങ്ങള്‍ക്കു സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ടറല്‍ ഓഫിസറെ നേതാക്കള്‍ കണ്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇന്നലെ ഇരുപാര്‍ട്ടികളും സംയുക്തറാലി നടത്തിയിരുന്നു. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്കു പകരം ദേശീയ പതാക ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെസ്റ്റ് ത്രിപുരയിലെ മജിലാഷ്പുരില്‍ കോണ്‍ഗ്രസ് നടത്തിയ ബൈക്ക് റാലിക്കു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്.