ന്യൂഡല്‍ഹി: പാകിസ്താനിലെ സാമ്പത്തീക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പാക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഒരു പഴയ വീഡിയോ ഉയര്‍ത്തിക്കൊണ്ടു വരുന്നു. 2019 തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പാകിസ്താനെ കെട്ടുകെട്ടിക്കുമെന്നും പിച്ചയെടുപ്പിക്കുമെന്നും മോഡി നടത്തുന്ന പ്രസംഗ വീഡിയോയാണ് കൊണ്ടുവരുന്നത്.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ നേതാക്കള്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വീഡിയോ വ്യാപകമായി ഉപയോഗിക്കുകയാണ്. ”പാകിസ്താന്റെ അഹങ്കാരം ശമിപ്പിക്കും, അവരെ ലോകത്തുടനീളം പിച്ചയെടുപ്പിക്കും” എന്നാണ് മോഡിയുടെ വാക്കുകള്‍. പാകിസ്താന്റെ ഭീഷണിയിലെ ഭീതി ഞങ്ങള്‍ ഇല്ലാതാക്കുമെന്നും അവര്‍ക്ക് അണുവായുധമുണ്ടെങ്കില്‍ ഞങ്ങളുടെ പക്കലും അതുണ്ടെന്നും പറയുന്നുണ്ട്.

പാകിസ്താന്‍ നിലവില്‍ കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാര്‍ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഭരണത്തിലിരുന്ന ഇമ്രാന്‍ഖാന്‍ കഴിഞ്ഞ വര്‍ഷം നടന്ന അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയുടെ സീനിയര്‍ നേതാവും പാക് മന്ത്രിയുമായ അസം ഖാന്‍ സ്വാതിയാണ് മോഡിയുടെ വീഡിയോ പ്രചരിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നയാള്‍.

പാകിസ്താന്‍ നാണംകെട്ടെന്നും ഈ ഭരണം മാറ്റണമെന്നും അസംഖാന്‍ ട്വീറ്റും ചെയ്തിട്ടുണ്ട്. ഇതിന് താഴെ പാക് സൈന്യത്തെ വിമര്‍ശിച്ച് അനേകരാണ് എത്തിയിട്ടുള്ളത്. പാക് സൈന്യം രാജ്യത്തെ വീഴ്ത്തിയെന്ന് ഇവര്‍ പറയുന്നു. അതേസമയം മോഡി ഈ പ്രസ്താവന നടത്തിയത് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്താന്‍ ഭരിക്കുന്ന കാലത്തായിരുന്നു എന്നാണ് ഇമ്രാന്റെ പാര്‍ട്ടിയുടെ വിമര്‍ശകര്‍ പറയുന്നത്.

അണുവായുധം കൈവശമുള്ള ഒരു രാജ്യത്തിന് ഭിക്ഷ യാചിക്കേണ്ടി വരുന്ന അവസ്ഥ നാണക്കേടാണെന്ന് അടുത്തിടെ പാകിസ്താന്റെ പ്രധാനമന്ത്രി ഷരീഫും പറഞ്ഞിരുന്നു. പാകിസ്താന്റെ സാമ്പത്തീക വെല്ലുവിളിക്ക് വിദേശ വായ്പ ഗുണകരമല്ലെന്നും പറഞ്ഞു.