റബ്ബര്‍ ഇറക്കുമതി-കയറ്റുമതിയിലെ പൊരുത്തക്കേടുകളും നികുതി അടയ്ക്കുന്നതിലെ ക്രമക്കേടുകളും സംബന്ധിച്ച് തെലങ്കാനയിലുടനീളമുള്ള 20 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. എക്‌സല്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാര്‍, ചെയര്‍മാന്‍, സിഇഒ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് സംസ്ഥാന വ്യാപക തിരച്ചില്‍. 

മിന്നല്‍ പരിശോധന ഇപ്പോഴും തുടരുകയാണ്. ഡയറക്ടര്‍മാര്‍, ചെയര്‍മാന്‍, സിഇഒ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയ്ക്ക് പുറമെ എക്സല്‍ ഗ്രൂപ്പുമായി ബന്ധമുള്ള മറ്റ് 10 കമ്പനികളേയും ഐ-ടി ഉദ്യോഗസ്ഥര്‍ അന്വേഷണ പരിധിയില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍.

കമ്പനിയുടെ ഗച്ചിബൗളി, മദാപൂര്‍, ബാച്ചുപള്ളി എന്നിവിടങ്ങളിലെ ഓഫീസുകളില്‍ പരിശോധന തുടരുകയാണ്. സംഗറെഡ്ഡിയിലെ നാല് സ്ഥലങ്ങള്‍, നര്‍സിംഗിലെ ആറ് സ്ഥലങ്ങള്‍, ബാച്ചുപള്ളി ദുണ്ടിഗലിലെ നാല് കമ്പനികള്‍, മദാപൂരിലെ എക്‌സല്‍ ആസ്ഥാനം എന്നിവിടങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്.

റബ്ബര്‍ ഇറക്കുമതിയിലും കയറ്റുമതിയിലും ഉണ്ടായ വന്‍ വ്യത്യാസവും നികുതി അടയ്ക്കുന്നതിലെ ക്രമക്കേടുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് കാരണം.

സിരിഷ ഗംഗാറാം, വാസുദേവ ഗംഗാറാം, ഗംഗാറാം മഞ്ജുഷ, ഗംഗാറാം രഘുനാഥ് റെഡ്ഡി, ഷഹാബുദ്ദീന്‍ ഹബീബ് സയ്യിദ്, മാധവ റെഡ്ഡി ബദ്ദേവോലു എന്നിവരുടെ വീടുകളില്‍ പരിശോധന നടക്കുന്നുണ്ട്.