സിംഗിൾ എഞ്ചിൻ വിമാനത്തിൽ റിവർസൈഡ് മുനിസിപ്പൽ എയർപോർട്ടിൽ പ്രഭാതഭക്ഷണത്തിനായി കുടുംബത്തെ കൊണ്ടുപോകുകയായിരുന്ന 18കാരനായ ബ്രോക്ക് പീറ്റേഴ്‌സിന് കാലിഫോർണിയയിലേക്ക് പറക്കുന്നതിനിടെ ഭയാനകമായ ഒരു സാഹചര്യം നേരിടുകയുണ്ടായി. ഇതോടെ പീറ്റേഴ്‌സ് തിങ്കളാഴ്‌ച കാലിഫോർണിയയിലെ സാൻ ബെർണാർഡിനോ നാഷണൽ ഫോറസ്‌റ്റിലെ രണ്ട് വരി ഹൈവേക്ക് സമീപം  അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നു.

“എന്റെ മുത്തശ്ശി പുറകിൽ നിന്ന് കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു” പീറ്റേഴ്‌സ് പറഞ്ഞതായി കെസിബിഎസ്/കെസിഎഎൽ ഉദ്ധരിച്ചു. “എനിക്ക് അവരെ സമാധാനിപ്പിക്കണമായിരുന്നു. ഞാൻ ചെയ്യേണ്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ വിമാനം സുരക്ഷിതമായി താഴെയിറക്കണം. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണമായിരുന്നു” 18കാരൻ പൈലറ്റ് വ്യക്തമാക്കി.

നാല് മാസം മുമ്പാണ് പീറ്റേഴ്‌സ് പൈലറ്റ് ലൈസൻസ് നേടിയത്. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് പീറ്റേഴ്‌സ്‌ തന്റെ മുത്തശ്ശിക്കും രണ്ട് കസിൻസിനുമൊപ്പം ആപ്പിൾ വാലിയിൽ നിന്ന് റിവർസൈഡ് എയർപോർട്ടിലേക്ക് പറക്കുകയായിരുന്നു.

“ഞാനും എന്റെ കുടുംബവും ചുരത്തിലൂടെ വരികയായിരുന്നു, ഒരു ‘ബൂം’ ശബ്‌ദം ഞാൻ കേട്ടു, തുടർന്ന് എന്റെ എഞ്ചിൻ ശക്തി മുഴുവൻ നഷ്‌ടപ്പെട്ടു. എഞ്ചിനുകൾക്ക് പവർ ഇല്ലെങ്കിൽ, ചെയ്യാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ കാര്യം എമർജൻസി ലാൻഡിംഗ് ആണെന്ന് എനിക്കറിയാമായിരുന്നു” സിബിഎസ് ലോസ് ഏഞ്ചൽസിനോട് പീറ്റേഴ്‌സ് പറഞ്ഞു. തുടർന്ന് കാജോൺ പാസിലെ മുൻവശത്തെ റോഡിൽ അദ്ദേഹം വിമാനം ഇറക്കിയെന്നാണ് റിപ്പോർട്ട്.

എഞ്ചിൻ തകരാറിലാകുകയും ഭൂപ്രകൃതി കാരണം അടുത്തുള്ള എയർപോർട്ട് ടവറിനെ അറിയിക്കാൻ കഴിയാതെ വരികയും ചെയ്‌തതോടെയാണ്‌ പീറ്റേഴ്‌സ് അടിയന്തരമായി വിമാനം നിലത്തിറക്കാൻ തീരുമാനിച്ചത്. ഈ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്ന നാല് പേർക്കും പരിക്കുകളൊന്നുമില്ലന്ന് ഫെഡറൽ ഏവിയേഷൻ അസോസിയേഷൻ (എഫ്എഎ) അറിയിച്ചു.

അതേസമയം, എഫ്‌എ‌എയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ‌ടി‌എസ്‌ബി) സംഭവത്തെക്കുറിച്ച് അന്വേഷിക്കും.