കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണതിനു പിന്നാലെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങിഅ ടെക്കി കൊല്ലപ്പെട്ടു. ചെന്നെെയ്ക്കു സമീപം മധുരവോയലിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ ശേഭന എന്ന ഇരുപത്തിരണ്ടുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അപകടം നടന്നതിനു പിന്നാലെ ലോറി ഡ്രെെവർ ഓടി രക്ഷപ്പെടുകയായിരുന്നു. ശോഭനയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ സംഭവത്തിൽ കേസെടുത്ത പൊലീസ് ലോറി ഡ്രൈവർ മോഹനെ അറസ്റ്റ് ചെയ്തു.

സോഹോ എന്ന സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു ശോഭന. ചൊവ്വാഴ്ച നീറ്റ് കോച്ചിംഗ് ക്ലാസിനായി സഹോദരനെ സ്ഥാപനത്തിൽ എത്തിക്കാനായി പോകുന്നതിനിടയിലാണ് അപകടം നടന്നത്. കുഴികൾ നിറഞ്ഞ മധുരവോയലിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് സഹോദരനും സഹോദരിയും റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അവരുടെ പിന്നാലെ എം-സാൻ്റ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിക്ക് കൃത്യസമയത്ത് നിർത്താൻ കഴിഞ്ഞില്ല. ശോഭനയുടെ ദേഹത്തൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ശോഭന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശോഭനയുടെ സഹോദരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടം നടന്നതിനു പിന്നാലെ പൂനമല്ലി പോലീസ് സ്ഥലത്തെത്തി. ശോഭനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പോരൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് നിന്ന് ഒളിവിൽ പോയ ലോറി ഡ്രൈവർ മോഹനെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശോഭനയുടെ മരണത്തിന് കാരണം മോശം റോഡുകളാണെന്ന് ശോഭന ജോലി ചെയ്യുന്ന സോഹോയുടെ സിഇഒ ശ്രീധർ വെമ്പു ട്വീറ്റിലൂടെ ആരോപിച്ചു.

“ഞങ്ങളുടെ എഞ്ചിനീയർമാരിലൊരാളായ ശോഭന സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ചെന്നൈയിലെ മധുരവോയലിനടുത്തുള്ള വലിയ കുഴികളുള്ള റോഡിൽ അപകടത്തിൽപ്പെട്ടു. ഇളയ സഹോദരനെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ശോഭന. മോശം റോഡുകൾ ശോഭനയെ അവളുടെ കുടുംബത്തിൽ നിന്നും ഞങ്ങളിൽ നിന്നും വേർപിരിച്ചു´´- ശ്രീധർ വെമ്പു ട്വിറ്റിൽ കുറിച്ചു.

റോഡിൻ്റെ ശോച്യാവസ്ഥ കാരണം ഒരു ജീവൻ നഷ്ടപ്പെട്ടതോടെ യാത്രക്കാരിൽ നിന്നും പ്രതിഷേധങ്ങളുമുയർന്നു. ഇതിനുപിന്നാലെ ഒരു മണിക്കൂറിനുള്ളിൽ അധികൃതർ മണലും പാറ മാലിന്യങ്ങളും കൊണ്ടുവന്ന് കുഴികൾ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കുകയായിരുന്നു.