തിരുവനന്തപുരം: സംസ്ഥാന വ്യാപക റെയ്ഡിന് പിന്നാലെ പിടിയിലായ മുഹമ്മദ് മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകനെന്ന് എന്‍ഐഎ. ഇയാള്‍ പ്രമുഖ നേതാക്കളെയടക്കം വധിക്കുന്നതിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു. ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്ന ഇയാള്‍ കുംഫൂ അടക്കമുള്ളവയില്‍ വിദഗ്ധനാണ്. അഭിഭാഷകനായ മുബാറക്ക് ഹൈക്കോടതിയില്‍ പ്രക്ടീസ് ചെയ്ത് വരികയായിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഇയാളെ അഞ്ച് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. 

പിഎഫ്ഐയുടെ ആദ്യകാല പ്രവര്‍ത്തകനായ എടവനക്കാട് സ്വദേശി മുബാറക്കിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. മഴുവിന് സമാനമായ ആയുധങ്ങള്‍ തീവ്രവാദ സംഘടനകള്‍ സാധാരണയായി ഉപയോഗിക്കുന്നതാണെന്നും എന്‍ഐഎ വ്യക്തമാക്കി. മൂന്നുവര്‍ഷം മുമ്പാണ് മുബാറക് അഭിഭാഷകനായി കൊച്ചി നഗരത്തിലെത്തിയത്. ഇതോടെ നാട്ടിലെ ബന്ധങ്ങള്‍ കുറഞ്ഞു. എന്നാല്‍ ഇയാളെ ഹൈക്കോടതിയില്‍ അധികം കണ്ടിട്ടില്ലെന്നും വിവരമുണ്ട്. പിഎഫ്ഐയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നതായും എന്‍ഐഎയ്ക്ക് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 

പത്തംഗ എന്‍ഐഎ സംഘം വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മുബാറക്കിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ 20 മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഇയാള്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. നേരത്തെ ഇയാള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നതായി ലോക്കല്‍ പൊലീസിന് വിവരമുണ്ടായിരുന്നു. അഭിഭാഷകനായതോടെ സംഘടനയുമായുള്ള ബന്ധം അവസാനിച്ചെന്നായിരുന്നു കരുതിയത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍നിര നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹിറ്റ് സക്വാഡ് സംബന്ധിച്ച വിവരം ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മുബാറക്കിലെത്തിച്ചത്. 

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ വീണ്ടും സജീവമാക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നതായി എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം തെളിക്കോട്ടെയില്‍ പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സുല്‍ഫി, സുധീര്‍, സലീം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. പോപുലര്‍ ഫ്രണ്ടിന്റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍, 7 മേഖലാ തലവന്മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഇതില്‍ പലരും പിഎഫ്ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. പിഎഫ്‌ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളാണെന്ന് എന്‍ഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ റെയ്‌ഡെന്നും സൂചനയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു പേരുകളില്‍ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.