തിരുവനന്തപുരം: 2022ലെ ഓടക്കുഴല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിനാണ് പുരസ്‌കാരം. ‘പ്രാണവായു’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുകളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട്. ചെറുകഥകള്‍ക്ക് പുറമെ നോവലുകളും തിരക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.

1962 ഒക്ടോബര്‍ എട്ടിന് കാസര്‍കോട് ജില്ലയിലെ ബാരഗ്രാമത്തില്‍ ജനിച്ചു. ജന്തുശാസ്ത്രത്തില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ മലയാള വിഭാഗം അധ്യാപകനായിരുന്നു.

കൃതികള്‍: കുന്നുകള്‍ പുഴകള്‍, എന്‍മകജെ, രാത്രി, രണ്ട് മുദ്ര, ജീവിതത്തിന്റെ മുദ്ര, കൊമേഴ്സ്യല്‍ ബ്രേക്ക്, വാലില്ലാത്ത കിണ്ടി, ഒതേനന്റെ വാള്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, രണ്ട് മത്സ്യങ്ങള്‍, ഓര്‍മകളുടെ നിണബലി – നിരൂപണ ഗ്രന്ഥം