കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി 8 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന (30) സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24) കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 22നാണ് സംഭവം. ദുബായില്‍നിന്ന് 146 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഡീന കടത്തിയത്. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് നാലംഗസംഘം ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. സ്വർണം കൊടുത്തുവിട്ടവർ നിർദ്ദേശിച്ച ആളുകൾക്ക് കൈമാറുന്നതിനു മുൻപ്, അവ തട്ടിയെടുക്കാനായിരുന്നു ഡീന ഉൾപ്പെട്ട സംഘത്തിന്‍റെ പദ്ധതി. 

ഇതിനു മുൻപും ഡീന സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കരിപ്പൂര്‍ പൊലീസ് പറയുന്നു. കടത്തു സ്വർണം തട്ടിയെടുത്ത് വിധം വെയ്ക്കാനായിരുന്നു ലക്ഷ്യമിട്ടത്. കസ്റ്റംസിനെയും സ്വര്‍ണം സ്വീകരിക്കാന്‍ എത്തിയ സംഘത്തെയും വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ഡീന കവര്‍ച്ചാസംഘത്തിനൊപ്പം കാറില്‍ കയറി അതിവേഗം പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ പൊലീസ് സംഘത്തിന്‍റെ  വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.