രാജസ്ഥാനിലെ ജോധ്പൂരില്‍ വിവാഹ ആഘോഷത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. 60 പേര്‍ക്ക് പരിക്കേറ്റതായി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ 42 പേരെ എംജിഎച്ച് ആശുപത്രിയിലേക്ക് മാറ്റി. ഭുങ്ഗ്ര ഗ്രാമത്തിലായിരുന്നു അപകടം. 

നാഗൗറിലെ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി എംപി ഹനിമാന്‍ ബെനിവാള്‍ പരിക്കേറ്റവരെ എംജിഎച്ച് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25-50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇന്നുതന്നെ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 40 ശതമാനത്തിനടുത്ത് പൊള്ളലേറ്റവരുടെ ചികില്‍സയ്ക്കും കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതിയായ ക്രമീകരണങ്ങള്‍ ഒരുക്കണം. വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എംപി പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കേന്ദ്രമന്ത്രിയും ജോധ്പൂര്‍ എംപിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.