ന്യൂഡൽഹി: താങ്കൾ കാണിച്ച “ധീരത”യുടെ ഫലമായി ഞങ്ങളുടെ ഇൻബോക്സുകളിൽ വരുന്ന സന്ദേശങ്ങൾ ഒന്നുകാണണമെന്ന് ‘ദ കശ്മീർ ഫയൽസ്’ ചലച്ചിത്രത്തെ വിമ​ർശിച്ച നദവ് ലാപിഡിനോട് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ. ‘നിങ്ങൾ ധൈര്യശാലിയാണെന്ന് കാണിക്കാൻ ഒരു പ്രസ്താവനയും നടത്തി ഇസ്രായേലിലേക്ക് മടങ്ങും. എന്നാൽ, ഇസ്രായേലിന്റെ പ്രതിനിധികളായി ഇവിടെ തന്നെ തുടരേണ്ട ഞങ്ങളാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടത്’ എന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ പറഞ്ഞു.

വിവാദ ബോളിവുഡ് ചിത്രമായ ‘ദ കശ്മീർ ഫയൽസ്’ കുപ്രചരണവും അശ്ലീലവുമാണെന്ന ഇസ്രായേലി ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ നദവ് ലാപിഡിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. ചരിത്രസംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാതെ സംസാരിക്കുന്നത് വിവേകശൂന്യവും ധാർഷ്ട്യവുമാണെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. 

‘നിങ്ങൾ ധൈര്യശാലിയാണെന്ന് കാണിക്കാൻ ഒരു പ്രസ്താവനയും നടത്തി ഇസ്രായേലിലേക്ക് മടങ്ങും. എന്നാൽ, ഞങ്ങൾ ഇസ്രായേലിന്റെ പ്രതിനിധികളായി ഇവിടെ തന്നെ തുടരേണ്ടവരാണ്. നിങ്ങൾ കാണിച്ച “ധീരത”യുടെ ഫലമായി ഞങ്ങളുടെ ഇൻബോക്സുകളിൽ വരുന്ന സന്ദേശങ്ങൾ നിങ്ങൾ കാണണം. അത് എന്റെ കീഴിലുള്ള ടീമിൽ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിങ്ങൾ അറിയണം’ -ഇസ്രായേൽ അംബാസഡർ ട്വീറ്റിൽ പറഞ്ഞു. ദ കശ്മീർ ഫയൽസിൽ കാണിച്ച സംഭവങ്ങൾ ഇന്ത്യയിലെ ‘ഉണങ്ങാത്ത മുറിവ്’ ആണെന്നും അതിന്റെ ഇരകളിൽ പലരും ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവേക് ​​അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീർ ഫയൽസ്’ സിനിമ അശ്ലീല ചിത്രമാണെന്നും ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ ചിത്രം കണ്ടതിൽ താൻ ഞെട്ടിപ്പോയി എന്നുമായിരുന്നു ഗോവയിൽ നടന്ന 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) ജൂറി തലവൻ നദവ് ലാപിഡ് തുറന്നടിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേൽ അംബാസഡറുടെ പ്രതികരണം. 

ലാപിഡിന് ഒരു തുറന്ന കത്ത് എന്ന മുഖവുരയോടെയാണ് അംബാസഡർ നവോർ ഗിലോൺ 12 ട്വീറ്റുകളിലായി ദൈർഘ്യമേറിയ കുറിപ്പ്​ എഴുതിയത്. സംഭവിച്ചതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഗിലോൺ കൂട്ടിച്ചേർത്തു.