അക്ഷരനഗരിയിൽ രാത്രിയിൽ ഡിഗ്രി വിദ്യാർഥിനിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണം. സുഹൃത്തിനൊപ്പം രാത്രി പത്തിനു ശേഷം നഗരത്തിലെ കടയിൽ ഭക്ഷണം കഴിക്കുമ്പോൾ തുടങ്ങിയ കമന്റടി ശാരീരികാക്രമണത്തിൽ കലാശിക്കുകയായിരുന്നു. മാനസികമായും ശാരീരികമായും താൻ തളർന്നുപോയെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ആശുപത്രിക്കിടക്കയിൽ നിന്ന് വിദ്യാർഥിനി പറയുമ്പോൾ കേട്ടുനിന്നവരിലും അതു നോവു പടർത്തി. 

സംഭവത്തെക്കുറിച്ച്  വിദ്യാർഥിനി പറയുന്നു: കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. ആ സമയത്ത് ഞാൻ അവിടെ ഇരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എന്നെയാണ് അവർ കളിയാക്കിക്കൊണ്ടിരുന്നത്. മോശമായി പെരുമാറുകയും തെറിവിളിക്കുകയും ചെയ്തു. വൃത്തികേടുകളും അധിക്ഷേപങ്ങളും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന അവരെ ഞാൻ പോടാ എന്ന് വിളിച്ച് പ്രതികരിച്ചു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. കാറിൽ പിന്തുടർന്ന് എത്തി ബൈക്ക് തടഞ്ഞു. 

എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെയാണ് തല്ലിത്തുടങ്ങിയത്. തടയാൻ ശ്രമിച്ചതോടെ എനിക്കു നേരെയായി ആക്രമണം. ‘ഞങ്ങൾ ആരാണെന്നാടീ നിന്റെ വിചാരം’ എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. പത്തു മിനിറ്റോളം ഇതു നീണ്ടു. അവസാനമാണ് പൊലീസ് വന്നത്. എന്റെ തലയ്ക്കും വയറിനും നല്ല വേദനയുണ്ട്.

ഇടയ്ക്കിടയ്ക്ക് കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നുന്നു. മനസ്സും ശരീരവും ഇതുവരെ ശരിയായിട്ടില്ല.രാത്രി  ഒരു പെൺകുട്ടി ഇത്രയും ക്രൂരമായി ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവിടെ ഉണ്ടായിരുന്ന ഒരാളുപോലും പ്രതികരിച്ചില്ലെന്നത് പേടിപ്പെടുത്തുന്നുണ്ട്. ശാരീരികമായും മാനസികമായും നേരിട്ട ആഘാതം  വിട്ടുമാറിയിട്ടില്ല.  സുഹൃത്തിനാണു കൂടുതൽ പരുക്കേറ്റത്.