തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സത്യത്തിൽ ഊതി വീർപ്പിച്ച ബലൂൺ ശശി തരൂരല്ല, വി.ഡി സതീശനാണെന്ന് സി.പി.എം നേതാവ് കെ.പി അനിൽകുമാർ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഊതിവീർപ്പിച്ച ബലൂണായാണ് സതീശൻ എത്തിയതെന്ന് അനിൽകുമാർ വിമർശിച്ചു. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സതീശൻ പാർട്ടിയിൽ എന്തെല്ലാം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവർത്തന പരിചയമെന്താണെന്നും അനിൽകുമാർ ചോദിച്ചു. വിഎം സുധീരൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണ് സതീശൻ ആദ്യമായി കോൺഗ്രസ് പാർട്ടിയുടെ ഭാരവാഹിയാകുന്നത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് തുടങ്ങിയവയിലൊന്നും സതീശൻ ഭാരവാഹിയായിരുന്നില്ല. അദ്ദേഹം ഇതുവരെ പാർട്ടിയിൽ ഒന്നും സംഘടിപ്പിച്ചിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു. 

മറ്റൊരാളെക്കുറിച്ച് ഒരുകാര്യം ഉന്നയിക്കുമ്പോൾ നമ്മൾ എന്താണെന്ന് സ്വയം തിരിച്ചറിയണമെന്നും തരൂരിനെതിരേയുള്ള പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളെ കുറ്റപ്പെടുത്തി അനിൽകുമാർ പറഞ്ഞു. ശശി തരൂരിന് കുറച്ചുകൂടി അറിവും ലോകപരിഞ്ജാനമുണ്ട് എന്നതല്ലാതെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ സതീശനും തരൂരും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വല്ലാത്ത പ്രതിസന്ധിയിലാണിപ്പോൾ. തരൂർ ഈ പോക്കുപോയാൽ കേരളത്തിൽ കോൺഗ്രസിന്റെ തലപ്പത്തേക്ക് വരുമെന്നും പ്രവർത്തകർ ഏറ്റെടുക്കുമെന്നും നേതാക്കൾക്ക് ഭയമുണ്ട്. തരൂർ വിഷയത്തിൽ അച്ചടക്ക സമിതി കൂടി അദ്ദേഹത്തിന് ക്ലീൻ ചീറ്റ് നൽകിയെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ അച്ചടക്ക സമിതി കൂടണമെങ്കിൽ ആദ്യം ഒരു പരാതി വേണ്ടേയെന്നും ആരാണ് തരൂരിനെതിരേ സമിതിക്ക് പരാതി നൽകിയതെന്നും അദ്ദേഹം ചോദിച്ചു.