ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രചരിച്ച റിപ്പോർട്ടുകളിൽ പ്രതികരണവുമായി ആമസോൺ എത്തിയിരിക്കുകയാണ്. പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്നാണ് ആമസോൺ അറിയിച്ചത്. 

ബുധനാഴ്ചയാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്.’അസാധാരണവും അനിശ്ചിതത്വമുള്ളതുമായ മാക്രോ ഇക്കണോമിക് പരിതസ്ഥിതികൾ’ കാരണം കമ്പനി തൊഴിലാളികളെ വെട്ടിക്കുറച്ചതായി ആമസോൺ സ്ഥിരീകരിച്ചു. ആമസോൺ ഹാർഡ് വെയർ മേധാവി ഡേവ് ലിംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആരെയൊക്കെയാണ് പിരിച്ചുവിടുന്നതെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. 

ആമസോണിലെ ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കാൻ തീരുമാനിച്ചു. ഈ തീരുമാനങ്ങളുടെ അനന്തരഫലമായി ചില റോളുകൾ ഇനി ആവശ്യമില്ലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. റീട്ടെയിൽ ഡിവിഷൻ, ഹ്യൂമൻ റിസോഴ്‌സ്, എന്നിവയ്‌ക്കൊപ്പം അലക്‌സ വോയ്ഡ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്വം ഉൾപ്പെടെയുള്ള ഗ്രൂപ്പിനെയാണ് വെട്ടിക്കുറയ്ക്കുന്നത്. 

പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജീവനക്കാർക്ക് ആമസോൺ അയച്ചു. രണ്ട് മാസത്തെ സമയവും ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. ഈ രണ്ട് മാസത്തിനുള്ളിൽ കമ്പനിയിൽ പുതിയ റോൾ കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്. പുതിയ റോൾ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ പിരിച്ചുവിടുമെന്നും കമ്പനി വ്യക്തമാക്കി. 

ആമസോണിനെ കൂടാതെ, ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയും കഴിഞ്ഞയാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് കഴിഞ്ഞയാഴ്ച ഏകദേശം 11,000 ആളുകളെ വെട്ടിക്കുറച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് തൊഴിലാളികളെ വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്നത്.