ഹരിപ്പാട് (ആലപ്പുഴ): മെഡിക്കൽ ഉപകരണങ്ങളുടെ കച്ചവടത്തിൽ പങ്കാളിത്തം വാഗ്ദാനംചെയ്ത് 60 ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാർ പോലീസിൽ കീഴടങ്ങി. മലപ്പുറം നറുകര കളിയാർതൊടി മംഗലശ്ശേരിൽ വാസുദേവൻ (60), ഭാര്യ വിമല (54) എന്നിവരാണ് തൃക്കുന്നപ്പുഴ പോലീസിൽ കീഴടങ്ങിയത്. മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി നിർദേശത്തെത്തുടർന്നാണിത്.

ഇവരടക്കം അഞ്ചുപേരടങ്ങുന്ന സംഘം സംസ്ഥാനവ്യാപകമായി തട്ടിപ്പുനടത്തിയതായി സൂചന ലഭിച്ചു. ആലപ്പുഴയ്ക്കു പുറമെ മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിലുള്ളവരാണു തട്ടിപ്പിനിരയായത്.

വാസുദേവന്റെ മകൻ അർജുൻ ലാൽ (25), മഞ്ചേരി കരിക്കാട് കിഴക്കേ മുതുകാട് വിവേക് (30), വിനയൻ (32) എന്നിവരാണു മറ്റുപ്രതികൾ. ആറാട്ടുപുഴ മംഗലം മാധവമന്ദിരത്തിൽ തങ്കച്ചനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയ കേസിലാണു നടപടി.

തൃശ്ശൂരിലെയും എറണാകുളത്തെയും വൻകിട ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവരെന്നു പറഞ്ഞാണ് തങ്കച്ചന്റെ മകനെ പ്രതികൾ പരിചയപ്പെട്ടത്. ആദ്യം ആറുലക്ഷവും തുടർന്ന് ഒമ്പതു പ്രാവശ്യമായി 60 ലക്ഷവും കൈക്കലാക്കി. ആറുമാസത്തോളം മുടങ്ങാതെ ലാഭവിഹിതമെന്നപേരിൽ പണം നൽകിയാണു പ്രതികൾ വിശ്വാസ്യത നേടിയത്.

എറണാകുളത്തെ മുന്തിയ ഫ്ളാറ്റിലാണ് പ്രതികളുടെ താമസം. ആശുപത്രികളിൽനിന്ന് ഓർഡർ കിട്ടുന്നതനുസരിച്ച് പണം മുടക്കണമെന്നാണു തട്ടിപ്പുകാർ പറഞ്ഞിരുന്നത്. ഇതു വിശ്വസിച്ചാണ് തങ്കച്ചൻ പലപ്പോഴായി 60 ലക്ഷം രൂപ നൽകിയത്. പ്രതികളുടെയും ബന്ധുക്കളുടെയും മറ്റു ചിലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണിവർ പണം നിക്ഷേപിപ്പിച്ചിരുന്നത്.