വാഷിംഗ്ടൺ:

ഡെമോക്രാറ്റുകളിൽ നിന്ന് യുഎസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടി റിപ്പബ്ലിക് പാർട്ടി. യുഎസ് ജനപ്രതിനിധി ശഭയുടെ നിയന്ത്രണം റിപ്പബ്ലിക്കന്മാർ തിരിച്ചുപിടിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലാണിത്. 435 സീറ്റുള്ള ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 218ൽ അധികം സീറ്റുകൾ നേടിയാണ് റിപ്പബ്ലിക്കൻസിന്റെ വിജയം. 

അതേസമയം ഉപരിസഭയായ സെനറ്റിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയിരുന്നു. ജനപ്രതിനിധി സഭയിൽ നേരിയ ഭൂരിപക്ഷത്തിനാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം. രണ്ട് വർഷത്തേയ്ക്ക് കൂടി ഭരണത്തിൽ തുടരുന്ന പ്രസിഡന്റ് ജോ ബൈഡന് മേൽ ആധിപത്യമുറപ്പിക്കാൻ ഭൂരിപക്ഷം ഉറപ്പിച്ചതോടെ റിപ്പബ്ലിക്കന്മാർക്ക് ആകും. 

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2024ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിജയം. ഡെമോക്രാറ്റ് നാൻസി പെലോസിക്ക് പകരം സഭയുടെ അടുത്ത സ്പീക്കറായി കെവിൻ മക്കാർത്തി സ്ഥാനാർത്ഥിയാകും. പാർട്ടിയ്ക്കുള്ളിലെ എതിർപ്പുകളെല്ലാം മറികടന്ന് മക്കാർത്തി നോമിനേഷൻ സ്വന്തമാക്കിയതായാണ് വിവരം.

അമേരിക്ക പുതിയൊരു ദിശയിലേക്ക് കടക്കുകയാണ് അതിന് നേതൃത്വം നൽകാൻ റിപ്പബ്ലിക്കന്മാരുണ്ടാകുമെന്ന് വിജയം ഉറപ്പാക്കിയ ശേഷം മക്കാർത്തി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിൽ റിപ്പബ്ലിക്കന്മാരെ അഭിനന്ദിച്ച് ജോബൈഡനും എത്തി. ജനങ്ങൾക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു.