കൊച്ചി: അധ്യാപന പരിചയമെന്നത്​ കെട്ടുകഥയല്ലെന്നും നാഷനൽ സർവിസ്​ സ്കീം (എൻ.എസ്.എസ്) കോഓഡിനേറ്റർ എന്ന നിലയിൽ കുഴിവെട്ടുമ്പോൾ നിർദേശം നൽകുന്നത്​ അധ്യാപന പരിചയമാകില്ലെന്നും ഹൈകോടതി. അധ്യാപന പരിചയമെന്നത്​ ഒരു യാഥാർഥ്യമാണ്​. അതിനാൽ, അസോ. പ്രഫസർ തസ്തികയിലേക്ക് മാർഗനിർദേശങ്ങളൊന്നുമില്ലാതെ നിയമനം നടത്താനാവില്ല. ഇക്കാര്യത്തിൽ യു.ജി.സി നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ്​​ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ. പ്രഫസറായി നിയമിക്കുന്നതിനെതിരായ ഹരജി പരിഗണിക്കവെയായിരുന്നു​ കോടതിയുടെ പരാമർശം​. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവിസ്, എൻ.എസ്.എസ് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവൃത്തിക്കുമ്പോൾ ക്ലാസ് എടുത്തിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്നതോടെയാണ്​ കോടതിയുടെ വിമർശനമുണ്ടായത്​.

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോ. പ്രഫസർ തസ്തിക നിയമനത്തിനുള്ള താൽക്കാലിക പട്ടികയിൽ പ്രിയക്ക്​ പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നൽകിയ​ ഹരജിയിൽ എല്ലാ കക്ഷികളുടെയും വാദം പൂർത്തിയായതിനെ തുടർന്ന്​ വ്യാഴാഴ്ച വിധി പറയാൻ മാറ്റി.

പ്രിയക്ക്​ അസോ. പ്രഫസർ നിയമനത്തിനുള്ള അധ്യാപന പരിചയമില്ലെന്നാണ്​ ഹരജിക്കാരന്‍റെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അധ്യാപന പരിചയം മൂന്ന് വർഷത്തിൽ താഴെയാണ്. ആകെ അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ്​ അധ്യാപന പരിചയമുള്ളതെന്നും വ്യക്തമാക്കി.

എന്നാൽ, അവധിയെടുക്കാതെയുള്ള ഗവേഷണ കാലം സർവിസിന്റെ ഭാഗമായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനം അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമുള്ള വാദമാണ് പ്രിയ വർഗീസ്​ ഉന്നയിച്ചത്. ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാലേ അസോ. പ്രഫസറായി നിയമിക്കാനുള്ള അധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാവൂവെന്ന് യു.ജി.സി വ്യക്തമാക്കി.

മതിയായ അധ്യാപന പരിചയം പ്രിയക്കുണ്ടെന്ന്​ സർവകലാശാല രജിസ്​ട്രാർ ബുധനാഴ്ചയും ആവർത്തിച്ചു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദേശമുണ്ടായിരുന്നോയെന്നും ഇത്​ വ്യക്തമാക്കുന്ന രേഖ അപേക്ഷക്കൊപ്പം നൽകിയിരുന്നോയെന്നും​ കോടതി പ്രിയയോട്​ പലതവണ ആരാഞ്ഞു. അത്തരത്തിൽ ഹാജരാക്കിയ രേഖകൾ മാത്രമേ കണക്കിലെടുക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ്​ വാദം പൂർത്തിയാക്കി ഹരജി വിധി പറയാൻ മാറ്റിയത്​.