ബാലി: വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് യു.എസിനെ തകർത്തയാളാണെന്ന് പ്രസിഡൻറ് ജോ ബൈഡന്റെ വിമർശനം. ഇന്തോനേഷ്യയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കവെ ട്വിറ്ററിലൂടെയാണ് ബൈഡന്റെ പ്രതികരണം.

ട്രംപിന്റെ ഭരണകാലം എല്ലാനിലക്കും രാജ്യത്തെ തകർക്കുന്നതായിരുന്നുവെന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ ബൈഡൻ പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാനാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. ഫ്ലോറിഡയിലെ തന്റെ മറാലാഗോ റിസോർട്ടിൽ 400 ഓളം ക്ഷണിക്കപ്പെട്ട അതിഥികൾക്കുമുന്നിലാണ് 76കാരൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മത്സരിക്കുന്നതിനുവേണ്ട പ്രാഥമിക നടപടിക്രമങ്ങൾ അദ്ദേഹം ഫെഡറൽ തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പൂർത്തിയാക്കുകയും ചെയ്തു.

2016ൽ ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിന്റണെ തോൽപിച്ചാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് പ്രസിഡന്റായത്. എന്നാൽ, 2020ൽ ഡെമോക്രാറ്റുകാരനായ ജോ ബൈഡനോട് തോറ്റു. അടുത്ത തവണയും നിലവിലെ പ്രസിഡന്റ് മത്സരിച്ചേക്കുമെന്നതിനാൽ വീണ്ടുമൊരു ട്രംപ്-ബൈഡൻ പോരിന് അരങ്ങൊരുങ്ങും. മത്സരിക്കാൻ താൽപര്യമുണ്ടെന്നും ക്രിസ്മസ്-പുതുവർഷ അവധിക്കും പിന്നാലെ അന്തിമ തീരുമാനമെടുക്കുമെന്നും 80കാരനായ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.

ബൈഡനെതിരെ രൂക്ഷമായ ആക്രമണം നടത്തിയാണ് ട്രംപ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ‘നമ്മളിപ്പോൾ തകർന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. കഴിഞ്ഞ രണ്ടു വർഷം ബൈഡനുകീഴിൽ യു.എസ് ജനത നരകിച്ചുകൊണ്ടിരിക്കുകയാണ്. അതിൽനിന്ന് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. യു.എസിന്റെ തിരിച്ചുവരവ് ഇവിടെ തുടങ്ങുകയാണ്. ഈ രാജ്യത്തിന് എത്ര മഹത്തരമാവാൻ പറ്റുമെന്ന് ഇനിയും ലോകം കണ്ടിട്ടില്ല. അതിനുള്ള അവസരമാണിത്. അതിനുവേണ്ടിയാണ് ഞാൻ വീണ്ടും ജനവിധി തേടുന്നത്’ -ട്രംപ് പറഞ്ഞു.

2020ലെ തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ ട്രംപിന്റെയും അനുയായികളുടെയും പ്രവൃത്തികൾ വ്യാപക വിമർശനം വിളിച്ചുവരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികൾ കാപിറ്റോൾ ഹില്ലിലേക്ക് ഇരച്ചുകയറി. ഇതിന് ട്രംപ് തന്നെ അനുവാദം നൽകിയതായും ആരോപണമുയർന്നിരുന്നു.