കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിനു നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യം നിരസിച്ച് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്ത കോടതി ചാന്‍സലര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടീസ് നല്‍കാനും നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

ചാന്‍സലറുടെ നിയമനം സ്റ്റേ ചെയ്യുകയാണെങ്കില്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് വിസി ഇല്ലാത്ത സ്ഥിതിയാകും. അതിനാല്‍, വിഷയത്തില്‍ ഇപ്പോള്‍ അത്തരമൊരു തീരുമാനം എടുക്കാനാകില്ല. വെള്ളിയാഴ്ച ഈ വിഷയം കോടതി പരിഗണിക്കുമെന്നും ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വിസിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

നവംബര്‍ 3 നാണ് സാങ്കേതിക സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളി ചാന്‍സിലറായ ഗവര്‍ണര്‍ ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നല്‍കിയത്. പുതിയ വിസിയെ നിയമിക്കുന്നത് വരെയാണ് ചുമതല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസ തോമസ്. കഴിഞ്ഞ ദിവസം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഗവര്‍ണറെ സന്ദര്‍ശിച്ചു. എസ്എഫ്ഐയുടേയും ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടെ കടലാസില്‍ എഴുതി ഒപ്പിട്ടാണ് സിസ തോമസ് നേരത്തെ വിസി സ്ഥാനം ഏറ്റെടുത്തത്.

വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ രാജശ്രീയെ യുജിസി യോഗ്യത ഇല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നേരത്തെ പുറത്താക്കിയിരുന്നു. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി.എസ്.ശ്രീജിത്തിന്റെ പരാതിയിലായിരുന്നു സുപ്രീംകോടതിയുടെ നടപടി. 

അതേസമയം, ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിസി സ്ഥാനത്ത് നിന്ന് പുറത്താക്കാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്.

10 വിസിമാര്‍ക്കും അനുവദിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. എല്ലാവരും ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ചട്ടങ്ങളും യുജിസി നിയമങ്ങളും പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം. വേണ്ടത്ര യോഗ്യതകളുണ്ടെന്നും വിസിമാര്‍ മറുപടിയില്‍ പറയുന്നു. ഇതിനിടെ വൈസ് ചാന്‍സലര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനിടയായ സാഹചര്യം ഗവര്‍ണറുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വിശദീകരിക്കും. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.