ചെന്നൈ: വള്ളുവര്‍ കോട്ടത്ത് ബുധനാഴ്ച നിരാഹാര സമരം നടത്തിയതിന് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) നേതാവ് എടപ്പാടി പളനിസ്വാമിയെയും അനുയായികളേയും പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് നിയമസഭയില്‍ നിന്ന് പുറത്താക്കിയതിനും ഒ പനീര്‍ശെല്‍വത്തെ ഉപ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് എഐഎഡിഎംകെയിലെ ഇപിഎസ് വിഭാഗം നിരാഹാര സമരം നടത്തി വന്നിരുന്നത്. ഇതിനിടെയാണ് പോലീസ് നടപടി. നിരാഹാര സമരം നടത്തിയ ഇപിഎസിനെയും അനുയായികളെയും പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് ബസില്‍ കയറ്റി കൊണ്ടുപോയി. അവരെ രാജരത്നം സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അറസ്റ്റിലായ നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

പ്രതിഷേധം നടത്തുന്നതിന് മുമ്പ് അനുമതി വാങ്ങാത്തതിനാലാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.

”ഇത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് സമാനമാണ്. സമാധാനപരമായ പ്രതിഷേധം മാത്രമാണ് നടത്തി വന്നിരുന്നത്. നിരാഹാര സമരത്തിനാണ് പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നത്. പക്ഷേ അത് അനുവദിച്ചില്ല. ഭരണകൂടം പോലീസിനെ ഉപയോഗിച്ച് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തുടരുകയാണ്.”- കസ്റ്റഡിയിലെടുത്ത എഐഎഡിഎംകെ നേതാക്കളില്‍ ഒരാളായ ഗോകുല ഇന്ദ്ര പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ രാജരത്‌നം സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ തികച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലേക്ക് കടക്കുകയാണെന്നും ജയകുമാര്‍ കുറ്റപ്പെടുത്തി. 

സഭയില്‍ ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ചൊവ്വാഴ്ച ഇപിഎസിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും നിയമസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഹിന്ദിക്കെതിരായ പ്രമേയം വരുമ്പോള്‍ ഹാജരാകാതിരിക്കാനാണ് ഇപിഎസ് ബഹളമുണ്ടാക്കുന്നതെന്ന് സ്പീക്കര്‍ അപ്പാവു ആരോപിച്ചു. ഒപിഎസിനെ ഉപ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും പകരം ആര്‍ബി ഉദയകുമാറിനെ നിയമിച്ചെന്നും കാണിച്ച് എഐഎഡിഎംകെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എഐഎഡിഎംകെയുടെ കത്ത് സ്പീക്കര്‍ പരിഗണിച്ചില്ലെന്നും ഭരണകക്ഷിയായ ഡിഎംകെയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ഇപിഎസ് ആരോപിച്ചു.