ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. കേന്ദ്ര നേതൃത്വത്തിന്‍റെ ആശിർവാദത്തോടെ മത്സരിച്ച മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ മികച്ച വിജയം നേടി. എതിർ സ്ഥാനാർഥിയായ ശശി തരൂർ എം.പിയെ ബഹുദൂരം പിന്നിലാക്കിയാണ് ഖാർഗെ 24 വർഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള കോൺഗ്രസ് അധ്യക്ഷനാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഖാർഗെ 7897 വോട്ട് നേടിയപ്പോൾ ശശി തരൂരിന് 1072 വോട്ട് മാത്രമാണ് നേടാനായത്.

ഏറെക്കുറെ അപ്രതീക്ഷിതമായിട്ടായിരുന്നു കോൺഗ്രസ് അധ്യക്ഷന് വേണ്ടിയുള്ള മത്സരക്കളത്തിലേക്ക് കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഖാർഗെയുടെ കടന്നുവരവ്. നെഹ്റു കുടുംബത്തോട് കൂറു പുലർത്തുന്ന ഒരാളെ തേടിയുള്ള അന്വേഷണമാണ് ഖാർഗെയിൽ അവസാനിച്ചത്.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം തീരുമാനിച്ചതിന് ശേഷം മുഴുവൻ സമയവും ഉയർന്നുകേട്ട പേര് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിന്‍റേതായിരുന്നു. ഹൈകമാൻഡിനും ഏറെ താൽപര്യവും ഗെഹ്ലോട്ട് അധ്യക്ഷനാകുന്നതിലായിരുന്നു. എന്നാൽ, രാജസ്ഥാനിൽ സചിൻ പൈലറ്റുമായുള്ള അധികാര വടംവലിയിൽ വിമതശബ്ദമുയർത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ ഗെഹ്ലോട്ടിന്‍റെ സ്ഥാനാർഥിത്വത്തിന് മങ്ങലേറ്റു. തുടർന്ന്, ദിഗ് വിജയ് സിങ്ങ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും അവസാനം ചെന്നെത്തിയത് പൊതുവേ സ്വീകാര്യനായ മല്ലികാർജുൻ ഖാർഗെയിലായിരുന്നു. നേതൃത്വത്തിന്‍റെ തീരുമാനത്തോട് പൂർണവിധേയനായി ഖാർഗെ മത്സരത്തിനിറങ്ങി.

മറുവശത്ത് ശശി തരൂർ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തരൂർ കൂടി ഉൾപ്പെട്ട ജി-23 വിമതസംഘത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പാർട്ടിയിൽ സംഘടനാതെരഞ്ഞെടുപ്പ് നടപ്പാക്കണമെന്നുള്ളതും മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നുമുള്ളത്. സോണിയയെ വീട്ടിലെത്തി നേരിട്ടുകണ്ടാണ് തരൂർ മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ആർക്കും മത്സരിക്കാമെന്ന മുൻ നിലപാട് സോണിയ ആവർത്തിച്ചതോടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഉറപ്പിക്കുകയായിരുന്നു. എന്നാൽ, കൂടെയുണ്ടായിരുന്ന ജി-23യുടെ പിന്തുണ കൂടി തരൂരിന് നഷ്ടപ്പെടുന്നതാണ് തെരഞ്ഞെടുപ്പിൽ കാണാനായത്.

മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടയാളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80കാരനായ ഖാര്‍ഗെ ഒമ്പത് തവണ എം.എല്‍.എയായിരുന്നു. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ദലിത് മുഖവുമാണ് ഖാര്‍ഗെ. ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നു. പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സംഘടനയെയാകെ നയിക്കാനുള്ള ഉത്തരവാദിത്തവും കോൺഗ്രസ് ഖാർഗെയുടെ കൈകളിൽ നൽകിയിരിക്കുകയാണ്.