ചെന്നൈ: ഓൺലൈൻ ലോൺ ആപ്പ് ഓപ്പറേറ്റർമാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത് 23കാരൻ. ചെന്നൈ സ്വദേശി നരേന്ദ്രനെയാണ് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എംജിആർ നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. 

പെരുങ്കുടിയിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു 23 കാരനായ നരേന്ദ്രൻ. ലോൺ ആപ്പ് വഴി നരേന്ദ്രൻ 33,000 രൂപ കടം വാങ്ങിയെന്നാണ് കുടുംബം നൽകിയ പ്രാഥമിക വിവരം. ലോൺ തിരിച്ചടച്ച ശേഷവും ആപ്പ് കസ്റ്റമർ സർവീസ് നടത്തിപ്പുകാർ നരേന്ദ്രനെ വിളിച്ച് ഭീഷണിപ്പെടുത്തി. 

നിരന്തരം വിളിച്ച് 33,000 രൂപ കൂടി നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. വീട്ടുകാരിൽ നിന്ന് 50,000 രൂപ കടം വാങ്ങി നരേന്ദ്രൻ പണം തിരിച്ചടച്ചിരുന്നു. എന്നാൽ പണം ആവശ്യപ്പെട്ട് ലോൺ ആപ്പ് കസ്റ്റമർ സർവീസ് നരേന്ദ്രനെ വീണ്ടും ബന്ധപ്പെട്ടു. 

നരേന്ദ്രനോട് അസഭ്യം പറയുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കും അശ്ലീല ചിത്രങ്ങൾ നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോൺ ആപ്പ് ടീ നരേന്ദ്രന്റെ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചതായും വിവരമുണ്ട്. ഇവരുടെ പീഡനം സഹിക്കാനാകാതെ വീട്ടിൽ തനിച്ചായിരുന്ന നരേന്ദ്രൻ ആത്മഹത്യ ചെയ്തു.