തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച 6ാം ക്ലാസ് വിദ്യാര്‍ഥിയുടെ ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റു. കന്യാകുമാരി സ്വദേശിയായ അശ്വിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. അശ്വിന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനുഷ്യജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് 328ാം വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്ക് 10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിച്ചേക്കാം,
 
കഴിഞ്ഞ മാസം 24ന് കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി സ്‌കൂളിലാണ് സംഭവം. പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി തനിക്കു ശീതളപാനീയം നല്‍കിയെന്നാണു കുട്ടിയുടെ മൊഴി. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂ. എന്നാല്‍ പിറ്റേന്ന് പനി പിടിച്ചു. രണ്ട് ദിവസത്തിന് ശേഷം പനിക്കൊപ്പം ഛര്‍ദി, ശ്വാസംമുട്ടല്‍,കടുത്ത വയറുവേദന എന്നിവ അനുഭവപ്പെട്ടു. പിന്നാലെ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആസിഡ് കുട്ടിയുടെ ഉള്ളില്‍ ചെന്നതായി വ്യക്തമായത്.