കാണ്‍പൂര്‍: വഖഫ് ഭൂമി കൈയേറി അനധികൃതമായി നിര്‍മ്മിച്ച എല്ലാ വസ്തുക്കളും നീക്കം ചെയ്യാന്‍ യുപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ന്യൂനപക്ഷ മന്ത്രി ഡാനിഷ് അന്‍സാരി. ഈ ഭൂമിയില്‍ ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാണ്‍പൂരില്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വഖഫ് സ്ഥലം മുസ്ലിം സമുദായത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതുകൊണ്ടാണ് യോഗി-സര്‍ക്കാര്‍ അനധികൃത സ്വത്തുക്കള്‍ നിലനില്‍ക്കാന്‍ അനുവദിക്കാത്തത്. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി വഖഫ് ഭൂമിയില്‍ ആശുപത്രികളും സ്‌കൂളുകളും നിര്‍മ്മിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ അന്‍സാരി പറഞ്ഞു.മദ്രസകളില്‍ സര്‍വേ നടത്തി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിര്‍മിക്കുന്ന സ്‌കൂളുകളില്‍ ഗണിതവും ശാസ്ത്രവും പഠിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നഗരത്തിലെ കന്റോണ്‍മെന്റ് ഏരിയയില്‍ സ്ത്രീകള്‍ക്കായി ഒരു ഹോസ്റ്റല്‍ പണിയുന്നു. ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുന്ന ന്യൂനപക്ഷ തൊഴില്‍ മേളകളിലൂടെ കീടിതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ഓട്ടോമൊബൈല്‍, കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.