മാക്ഗ്രിഗർ (യു.എസ്): അമേരിക്കയിലെ സെൻട്രൽ ടെക്സസിലെ മാക്ഗ്രിഗറിൽ റസിഡൻഷ്യൽ ഏരിയയിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടായി രാജ്യാന്തര ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റി​പ്പോർട്ട് ചെയ്തു. സുരക്ഷാ ഉദ്യോസ്ഥർ തിരികെ നടത്തിയ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി പിടിയിലായിട്ടുണ്ട്. എന്നാൽ, പൊലീസ് വെടിവെപ്പിൽ പരിക്കേറ്റത് അക്രമിക്ക് ആണോയെന്ന് അധികൃതർ വ്യക്തമാക്കിയില്ല.

പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്ന് പൊലീസ് പറഞ്ഞു. എന്താണ് അക്രമത്തിന് കാരണമെന്നോ അ​ക്രമിയും ​കൊല്ല​പ്പെട്ടവരും തമ്മിലുള്ള ബന്ധമോ വ്യക്തമല്ല. മരിച്ചവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

അക്രമം നടന്ന റസിഡൻഷ്യൽ ഏരിയ സുരക്ഷാവലയത്തിലാണെന്ന് ടെക്സസ് പൊതുസുരക്ഷ ഏജൻസി അറിയിച്ചു. മരിച്ച അഞ്ചുപേർക്കും വെടിയേറ്റിട്ടു​ണ്ടോയെന്ന് സ്ഥിരീകരിക്കാൻ ടെക്സസ് പൊതുസുരക്ഷ ഏജൻസി വക്താവ് സർജന്റ് റയാൻ ഹൊവാർഡ് വിസമ്മതിച്ചു. പലരുടെയും മരണകാരണം വ്യക്തമാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.