ബംഗളൂരു: രാജ്യത്ത് കോൺഗ്രസിനെയും നിരോധിക്കണമെന്ന് കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. തീവ്ര സംഘടനയായ പോപുലർ ഫ്രണ്ടിനെ കോൺഗ്രസ് സഹായിച്ചെന്നും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

‘നമ്മുടെ രാജ്യത്ത് നിന്ന് കോൺഗ്രസിനെയും നിരോധിക്കണം. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പി.എഫ്.ഐ, എസ്.ഡി.പി.ഐ, കെ.എഫ്.ഡി എന്നീ തീവ്രവാദ സംഘടനകളെ കോൺഗ്രസ് സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു’ -നളിൻ കുമാർ പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയശേഷം കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ രാജ്യത്തെ നശിപ്പിക്കുമെന്നും സ്വയം നശിക്കുമെന്നും മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞത് -ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. അഞ്ച് വർഷത്തേക്കാണ് പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും പ്രവർത്തന നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.