കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടെന്നും 27 പേർക്ക് പരിക്കേറ്റെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രവേശന പരീക്ഷ നടക്കുന്ന കാജ് എജ്യുക്കേഷൻ സെന്ററിന് നേരെയാണ് അക്രമം ഉണ്ടായത്. പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥികളാണ് സെന്ററിൽ ഉണ്ടായിരുന്നതെന്ന് കാബൂൾ സുരക്ഷ കമാൻഡ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഒരു ആശുപത്രി മരണസംഖ്യ 23 ആണെന്നും താലിബാൻ വൃത്തങ്ങൾ മരണസംഖ്യ 33 ആണെന്നും അവകാശപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. സ്‌ഫോടനസ്ഥലത്ത് നിന്ന് പരിക്കേറ്റ 15 പേരെയും 9 മൃതദേഹങ്ങളേയും നീക്കാൻ കഴിഞ്ഞെന്നും മറ്റ് മൃതദേഹങ്ങൾ ക്ലാസ് മുറിക്കുള്ളിൽ കസേരകൾക്കും മേശകൾക്കുമിടയിൽ കുടുങ്ങി കിടക്കുകയാണെന്നും പ്രദേശവാസിയായ ഗുലാം സാദിഖ് പറഞ്ഞു.

സ്ഫോടനം നടന്ന അഫ്ഗാന്റെ പടിഞ്ഞാറൻ മേഖലയിൽ താമസിക്കുന്നവരിൽ പലരും ഇസ്ലാമിക് സ്റ്റേറ്റ് മുൻകാല ആക്രമണങ്ങളിൽ ലക്ഷ്യം വച്ച ഹസാര ജനതയാണ്.