പട്‌ന/ മുസാഫർപൂർ: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയുടെ ഇരു വൃക്കകളും കാണാതായി. മുസാഫർപൂരിലെ ബരിയാർപൂർ പ്രദേശത്തെ അനധികൃത നഴ്സിംഗ് ഹോമായ ശുഭ്കാന്ത് ക്ലിനിക്കിലാണ് സംഭവം. ആരോഗ്യനില മോശമായ യുവതിയെ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (ഐജിഐഎംഎസ്) പ്രവേശിപ്പിച്ചു.

സംഭവത്തിൽ നഴ്സിങ് ഹോമിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് സംഘങ്ങളായിട്ടാണ് അന്വേഷണം. ക്ലിനിക്ക് ഉടമയെയും ഡോക്ടറെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

സെപ്റ്റംബർ മൂന്നിനാണ് ക്ലിനിക്കിൽ ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് യുവതിയെ വിധേയമാക്കിയത്. ഈ ശസ്ത്രക്രിയയ്ക്ക് ഇടയിലാണ് രണ്ട് വൃക്കകളും മോഷണം പോയതെന്നാണ് ആരോപണം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ യുവതിക്ക് വയറുവേദന ശക്തമായതോടെ സെപ്റ്റംബർ ഏഴിന് ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ചികിത്സ തേടി. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് രണ്ട് വൃക്കകളും നീക്കം ചെയ്തതായി കണ്ടെത്തിയത്.

ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ നടന്ന പരിശോധനയിൽ യുവതിയുടെ ഇരു വൃക്കകളും നീക്കം ചെയ്തതായി കണ്ടെത്തിയെന്നും ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നുവെന്ന് സക്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരോജ് കുമാർ പറഞ്ഞു.

ആരോഗ്യനില മോശമായതോടെ സെപ്റ്റംബർ പതിനഞ്ചിന് യുവതിയെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. “യുവതിയെ ഡയാലിസിസിന് വിധേയമാക്കി. ആരോഗ്യനില മോശമായി തുടരുകയാണ്. ആരോഗ്യനില മെച്ചപ്പെടുമ്പോൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുവതിയെ വിധേയമാക്കേണ്ടിവരുമെന്ന് ഡോക്ടർ ഓം കുമാർ പറഞ്ഞു. യുവതിയുടെ ഇരു വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഐജിഐഎംഎസിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ രാജേഷ് തിവാരി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് വിധേയമായി ചികിത്സയിൽ കഴിയുന്ന യുവതിക്ക് രണ്ട് കുട്ടികളുണ്ട്.