ജയ്പൂർ: പ്രതിസന്ധി ഘട്ടത്തിലും വിലപേശുകയാണ് രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ. വിമതനേതാവായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ വന്നതോടെയാണ് ഗലോട്ട് പക്ഷത്തുള്ള എംഎൽഎമാർ കൂട്ടരാജിക്ക് ഒരുങ്ങുന്നത്. 80-ഓളം വരുന്ന കോൺഗ്രസ് എംഎൽഎമാർ ഞായറാഴ്ച രാത്രി നിയമസഭാ സ്പീക്കർ സിപി ജോഷിക്ക് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്.

മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റിനെ ലക്ഷ്യം വച്ചാണ് കോൺഗ്രസിലെ ഒരുകൂട്ടം എംഎൽഎമാർ രംഗത്തുവന്നിരിക്കുന്നത്. 2020ൽ ഗെലോട്ട് സർക്കാരിനെതിരെ മത്സരിച്ചവരിൽ നിന്ന് പുതിയ രാജസ്ഥാൻ മുഖ്യമന്ത്രിയെ നിയമിക്കരുതെന്നാണ് എംഎൽഎമാരുടെ ആവശ്യം.

മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് തിരക്കേറിയ രാഷ്ട്രീയ ചർച്ചകൾ ഉയരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇരട്ടസ്ഥാനങ്ങൾ പറ്റില്ലെന്ന് എഐസിസി തീരുമാനിച്ചതിലൂടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിൻ പൈലറ്റിനെ നിയമിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു. ഇതോടെയാണ് തടസവാദങ്ങൾ ഉയരുകയായിരുന്നു.

നിയമസഭയിലെ രാജി നാടകങ്ങൾക്ക് പിന്നാലെ ഗലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് വാദവുമായി ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി അശോക് ഗെലോട്ടിന്റെ വിശ്വസ്തരായ കോൺഗ്രസ് നേതാക്കൾ സംസ്ഥാന നിയമസഭയിൽ നിന്ന് രാജിവച്ചതോടെയാണ് രാജസ്ഥാനിൽ നാടകീയ രംഗങ്ങൾ ഉണ്ടാക്കിയത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ കാരണം ഗെലോട്ട് ആണെന്നും അദ്ദേഹം ഹൈക്കമാൻഡിനെ അപമാനിച്ചെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതോടെ ഒരു വിഭാഗം ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനായി കാത്തുനിന്നെങ്കിലും അലങ്കോലമായി പിരിയുകയായിരുന്നു. പാർട്ടി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവരും മുഖ്യമന്ത്രി ഗെലോട്ടിന്റെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകിയ ശേഷം അർധരാത്രിയോടെ എംഎൽഎമാർ വീട്ടിലേക്ക് മടങ്ങി.

പ്രതിസന്ധി പരിഹരിക്കുന്നതിന് എംഎൽഎമാരുമായി ചർച്ച നടത്തണമെന്ന് സോണിയാ ഗാന്ധി നിർദ്ദേശം നൽകുകയും ചെയ്തു. അതേസമയം, ഇന്ന് നിയമസഭാ സ്പീക്കർക്ക് രാജിക്കത്ത് നൽകിയ എംഎൽഎമാരുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.