മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീൽ. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ജലീൽ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. “എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവ്വം ആലോചിച്ചാൽ നന്നാകും.
യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ ‘അസുഖം’ വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണം.”- ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീൽ വ്യക്തമാക്കി.

നിലമ്പൂർ എംഎൽഎ പി വി അൻവറിനും കെ.ടി.ജലീലിനും എതിരെ നിശിത വിമർശനം ആണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അജിത്ത് കൊളാടി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലെ പരാമർശങ്ങൾ ഇപ്രകാരം ആയിരുന്നു.”ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുകയാണ്.അൻവറിന്റെ നടപടികൾ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും ബന്ധപ്പെട്ടവർ പുലർത്തേണ്ടതാണ് എന്ന് സിപിഐ റിപ്പോർട്ടിൽ പറയുന്നു.ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുന്നതാണ് ” സിപിഐയുടെ അഭ്യന്തര വിമർശനം ആണ് ജലീലിനെ പ്രകോപിപ്പിച്ചിരുന്നത്.

മുൻപ് തന്നെ സിപിഐയുമായി നല്ല ബന്ധത്തിൽ അല്ലാത്ത പി വി അൻവർ ഇത് വരെ പ്രതികരിച്ചിട്ടില്ല. 2019 ലോക് സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പി വി അൻവർ സിപിഐക്ക് എതിരെ രംഗത്ത് വന്നിരുന്നു. പി പി സുനീറിനെ പേരെടുത്ത് തന്നെ അൻവർ കുറ്റപ്പെടുത്തിയിരുന്നു.