പനജി: ഏറെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നും നേതാവില്ലാത്ത ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. രാഹുലിന്റെ യാത്ര കൊണ്ട് വോട്ട് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് ഒരു നേതാവില്ലാത്ത അവസ്ഥയിലേക്കെത്തി. പാര്‍ട്ടിയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളില്ല. യാത്രകളില്‍നിന്ന് വോട്ട് ലഭിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയെടുത്ത ചില തീരുമാനങ്ങള്‍ എന്നെ ഞെട്ടിച്ചു. നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നിട്ടും അവര്‍ എന്നോട് പെരുമാറിയ രീതി വേദനിപ്പിക്കുന്നതായിരുന്നു. മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം ഞാന്‍ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. എന്നിട്ടും അവര്‍ എന്നോട് മോശമായി പെരുമാറി’. ദിഗംബര്‍ കാമത്ത് പറഞ്ഞു. ഇനിയൊരിക്കലും കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് പ്രവര്‍ത്തകരില്‍ ചിലര്‍ തന്നോട് പറഞ്ഞതായും കാമത്ത് കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര തലത്തില്‍ മോദി ഇന്ത്യയുടെ നിലവാരം ഉയര്‍ത്തിയെന്നും കാമത്ത് പ്രശംസിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കാണുന്നുണ്ട്. ആഗോള തലത്തില്‍ അദ്ദേഹം ഇന്ത്യയ്ക്ക് ഒരു പ്രതിച്ഛായ സൃഷ്ടിച്ചു. വിദേശികള്‍ നമ്മളെ ബഹുമാനത്തോടെയാണ് നോക്കുന്നതെന്ന് വിദേശത്ത് പോകുന്നവര്‍ക്കെല്ലാം മനസിലാകും. മുന്‍പ് ഇങ്ങനെ ആയിരുന്നില്ല സ്ഥിതി”, കാമത്ത് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ ആരും പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തന്നെ സമീപിച്ചില്ലെന്നും കാമത്ത് പറഞ്ഞു. ‘ഞാന്‍ പാര്‍ട്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. എനിക്കെതിരെ അയോഗ്യതാ പ്രമേയം ഫയല്‍ ചെയ്തു. മറ്റു പലരും പാര്‍ട്ടി വിട്ടു പോയപ്പോഴും കോണ്‍ഗ്രസിനൊപ്പം നിന്നയാളാണ് ഞാന്‍”, കാമത്ത് പറഞ്ഞു. ബി.ജെ.പി സര്‍ക്കാരില്‍ എന്തെങ്കിലും പദവി വാഗ്ദാനം ചെയ്തിരുന്നോ എന്ന ചോദ്യത്തോടും കാമത്ത് പ്രതികരിച്ചു: ”ഞാന്‍ പ്രതിഫലം ആഗ്രഹിക്കാതെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്റെ വിധി ഞാന്‍ ബിജെപിയുടെ കൈകളിലേക്ക് വിട്ടു കൊടുത്തു”.

ദിഗംബര്‍ കാമത്ത് പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരാണ് ഗോവയില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നത്.