ഇടുക്കി: വണ്ടിപ്പെരിയാറിൽ  55 വയസുള്ള സ്ത്രീയെ പീഡിപ്പിച്ച നാൽപ്പത്തിയഞ്ചുകാരനെ  പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ അയ്യപ്പൻ കോവിൽ മാട്ടുംകൂട് സ്വദേശി പുത്തൻപുരയ്ക്കൽ വിനോദ് ജോസഫാണ് പിടിയിലായത്. വണ്ടിപ്പെരിയാർ പശുമല ആറ്റോരത്ത് താമസിക്കുന്ന അൻപത്തിയഞ്ചു കാരിയാണ് പീഡനത്തിന് ഇരയായത്. 

വീടിനൊപ്പം ഒരു കടയും ഇവർ നടത്തുന്നുണ്ട്. ഇന്നലെ വൈകുന്നേരം 7 മണിയോടെ വിനോദ് ജോസഫ് സാധനങ്ങൾ വാങ്ങാൻ കടയിലെത്തി. സാധനങ്ങൾ എടുക്കാൻ അകത്തേക്ക് കയറിയപ്പോൾ പുറകെയെത്തിയ വിനോദ് പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ വീടിനു മുകളിൽ വാടകക്ക് താമസിക്കുന്നയാൾ കടയിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇയാൾ പോലീസിനെ വിവരം അറിയിച്ചു. 

പീഡനത്തെ തുടർന്ന് അവശയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയ ശേഷമാണ് വിനോദിനെ വീട്ടിൽ നിന്നും വണ്ടിപ്പെരിയാർ സിഐ ഫിലിപ്പ് സാമിൻറെ നേതൃത്വത്തിലുള്ള സഘം  അറസ്റ്റു ചെയ്തത്.  ബലാൽസംഗം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയെ പാല ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.