ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയ്ക്ക് വേണ്ടിയുള്ള ശശി തരൂർ എംപിയുടെ നിരന്തര ആവശ്യം ഒടുവിൽ ഫലം കണ്ടു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവർക്കും വോട്ടർ പട്ടിക ലഭ്യമാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസുദൻ മിസ്ത്രി ശശി തരൂരിനെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഞ്ച് എംപിമാർ കത്തയച്ചതിന് പിന്നാലെയാണ് നടപടി.

ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർദോലോയ്, അബ്ദുൾ ഖലീഖ് എന്നിവരാണ് സെപ്റ്റംബർ ആറിന് മധുസൂദൻ മിസ്ത്രിയ്ക്ക് കത്തയച്ചത്. ഇവരെ അഭിസംബോധന ചെയ്ത് മിസ്ത്രി എഴുതിയ മറുപടിക്കത്തിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമായാണ് നടത്തുക എന്ന് വ്യക്തമാക്കുന്നു. മൂന്ന് കാര്യങ്ങളാണ് കത്തിൽ പറയുന്നത്. ആഗ്രഹിക്കുന്ന ആർക്കും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി പത്രിക സമർപ്പിക്കാം. 

പത്രിക സ്വീകരിക്കാനായി പ്രത്യേക സംവിധാനമുണ്ട്. പത്ത് പേരുടെ പിന്തുണയാണ് ഇതിന് വേണ്ടത്. അവരവരുടെ സംസ്ഥാനത്തുനിന്ന് തന്നെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താൻ പിസിസി ഓഫീസുകളിൽ വെച്ച് വോട്ടർ പട്ടിക പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യു ആർ കോഡ് ഉൾപ്പെടുത്തിയുള്ള വോട്ടർ ഐഡി കാർഡ് വിതരണം ചെയ്യും. ഈ കാർഡ് ഉള്ളവർക്കാണ് മത്സരിക്കാനും സ്ഥാനാർത്ഥികളെ പിന്താങ്ങാനും കഴിയുക.