സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്ട്രോക്ക്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടലാണ് നിർണായകം. വാർത്താ അവതരണത്തിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെക്കുറിച്ചും കൃത്യസമയത്ത് ചികിത്സ തേടിയതിനെക്കുറിച്ചും പങ്കുവെക്കുകയാണ് ജൂലീ ചിൻ എന്ന ടെലിവിഷൻ അവതാരക. ലൈവ് ടെലികാസ്റ്റ് പൊയ്ക്കൊണ്ടിരിക്കുന്നതിനിടെയാണ് ജൂലിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്.

നാസയുമായി ബന്ധപ്പെട്ട വാർത്ത വായിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ജൂലിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വാക്കുകൾ മുഴുമിക്കാനാകാതെ ക്ഷമിക്കണമെന്നു പറഞ്ഞ് മറ്റൊരാളെ വാർത്ത വായിക്കാൻ ഏൽപിക്കുകയായിരുന്നു. ജൂലിയുടെ അസ്വസ്ഥത കണ്ടതും സ്ട്രോക്ക് ആണെന്ന് സംശയം തോന്നിയ സഹപ്രവർത്തകർ ഉടൻ തന്നെ വൈദ്യസഹായം തേടുകയായിരുന്നു. സ്ട്രോക്കിന്റെ ആദ്യലക്ഷണങ്ങളാണ് തനിക്കുണ്ടായതെന്ന് ഡോക്ടർമാർ അറിയിച്ചുവെന്ന് ജൂലി പിന്നീട് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. 

വാർത്ത വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ആദ്യം ഒരുകണ്ണിലെ കാഴ്ച്ച ഭാ​ഗികമായി നഷ്ടമാകുന്നതായാണ് അനുഭവപ്പെട്ടതെന്ന് ജൂലി പറയുന്നു. അൽപസമയത്തിനുള്ളിൽ കൈയിലും കാലിലും മരവിപ്പ് അനുഭവപ്പെടാൻ തുടങ്ങി. ടെലിപ്രോംപ്റ്ററിൽ കാണുന്ന വാക്കുകൾ ഉച്ചരിക്കാൻ കഴിയാതിരുന്നതോടെ എന്തോ വലിയ പ്രശ്നമാണെന്ന് മനസ്സിലായി- ജൂലി പറയുന്നു.

തുടർന്ന് ഡോക്ടറെ കണ്ടതോടെ സ്ട്രോക്കിന്റെ ആദ്യലക്ഷണങ്ങളാണ് തനിക്കുണ്ടായതെന്ന് മനസ്സിലായി. സ്ട്രോക്ക് ആണെന്ന് തിരിച്ചറിയാൻ ഉള്ള പ്രധാന ലക്ഷണങ്ങളെക്കുറിച്ചും ജൂലി പങ്കുവെക്കുന്നുണ്ട്. BE FAST എന്ന ചുരുക്കപ്പേരിലാണ് ജൂലി അതേക്കുറിച്ച് പങ്കുവെക്കുന്നത്. 

B.alance: പെട്ടെന്ന് ബാലൻസ് നഷ്ടമാകൽ
E.yes: കാഴ്ച്ചയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം
F.ace: മുഖം താഴേക്ക് തൂങ്ങുക
A.rms: കൈയുടെ ബാലൻസ് നഷ്ടമാവുക
S.peech: സംസാരിക്കുന്നത് വ്യക്തമാവാതിരിക്കുക
T.ime: അസഹ്യമായ തലവേദന