റഷ്യ യുക്രൈയ്ൻ യുദ്ധം തുടങ്ങിയതില്‍ പിന്നെ ആഗോള തലത്തിൽ ഇന്ധനവില കത്തിക്കയറുകയായിരുന്നു. എന്നാൽ സാമ്പത്തിക മാന്ദ്യം വരുമെന്ന ആശങ്ക ശക്തമാകുന്നതോടെ ഇന്ധന വില ഇപ്പോൾ തണുത്തുതുടങ്ങിയിരിക്കുന്നു. 6 ശതമാനത്തോളമാണ് ഓഗസ്റ്റ് മാസത്തിൽ തന്നെ അസംസ്കൃത ഇന്ധന വില രാജ്യാന്തര വിപണിയിൽ കുറഞ്ഞിരിക്കുന്നത്. പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ ലോകമാകെ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകൾ വർധിപ്പിച്ചതും എണ്ണ  വില കുറച്ചിരുന്നു. ചൈനയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഡിമാൻഡ് കുറഞ്ഞതും എണ്ണ വില കുറയുന്നതിന് ഒരു കാരണമായി. 

ഉൽപ്പാദനം

അമേരിക്ക പല പ്രാവിശ്യം എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ  ഒപെക് രാജ്യങ്ങളോട് അഭ്യര്ഥിച്ചിരുന്നെങ്കിലും, ഉൽപ്പാദനം കൂട്ടാൻ  അവർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ സെപ്റ്റംബർ  മുതൽ എണ്ണ ഉൽപ്പാദനം കൂട്ടാമെന്നു പല രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ എണ്ണയുടെ ലഭ്യത കൂടുന്നതും എണ്ണ വില അടുത്ത മാസത്തോടെ കുറയുവാൻ ഇടയാക്കും.

എന്തുകൊണ്ട് ഇന്ത്യയിൽ കുറയുന്നില്ല?

ആഗോളതലത്തിൽ എണ്ണ വില കുറയുമ്പോഴും ഇന്ത്യയിൽ എണ്ണ വില അതിനനുസരിച്ച് കുറയുന്നില്ല. ഇന്ത്യയിലെ എണ്ണ കമ്പനികൾക്ക് കഴിഞ്ഞ അഞ്ചു മാസങ്ങളിൽ ഉണ്ടായ നഷ്ടം നികത്താനായാണ് ഇപ്പോൾ എണ്ണ വില കുറക്കാതിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത്. രാജ്യാന്തര തലത്തിൽ എണ്ണവില കൂടിയപ്പോഴും ഇന്ത്യൻ കമ്പനികൾ വില കൂട്ടാതെ ഒരു ലീറ്റർ പെട്രോളിന് 20 -25 രൂപ നഷ്ടത്തിലാണ് വിറ്റഴിച്ചിരുന്നത്. അതുപോലെ ഡീസൽ വിൽപ്പനയിൽ ഒരു ലീറ്ററിന് 14 -18 രൂപയുടെ നഷ്ടമുണ്ടായിരുന്നു. ആ നഷ്ടം നികത്താനാണ് ഇപ്പോൾ വിലകുറയ്ക്കാത്തത് എന്നാണ് എണ്ണ  കമ്പനികൾ പറയുന്ന ന്യായം. രാജ്യാന്തര വിപണിക്കനുസരിച്ച് എല്ലാ  ദിവസവും മാറേണ്ട വിലകൾ ഇന്ത്യയിൽ കഴിഞ്ഞ നവംബർ നാലാം തിയതി മുതൽ മാർച്ച് 22 വരെ137 ദിവസം മാറ്റമില്ലാതെ നിർത്തിയതിനാൽ ഉണ്ടായ നഷ്‍ടക്കണക്കുകളും കമ്പനികൾ പറയുന്നുണ്ട്. റഷ്യയിൽ നിന്ന് വില കുറവിൽ എണ്ണ ലഭിച്ചതോ, ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പോ  കണക്കിലെ കളികളിൽപ്പെടുത്തിയില്ലെങ്കിലും രാജ്യാന്തര തലത്തിലെ കുറഞ്ഞ എണ്ണവിലയുടെ ഗുണഫലം  ഇന്ത്യൻ ഉപഭോക്താവിന്റെ പോക്കറ്റ് ചോർച്ച ഉടനെയൊന്നും  കുറയ്ക്കില്ലെന്ന് സാരം.