കോഴിക്കോട്: നടക്കാവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം. സ്‌കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ഗോഡൗണില്‍ സൂക്ഷിച്ച 10 സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. അഗ്‌നിശമനസേനയെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ചാര്‍ജ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ വലിയ ശബ്ദത്തോടെ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തീപിടിച്ചു. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന സ്‌കൂട്ടറിന് പുറമേ സമീപത്തുണ്ടായിരുന്ന 9 സ്‌കൂട്ടറുകളും കത്തിനശിച്ചു. ഇവ സര്‍വീസ് ചെയ്യാനായി ഷോറൂമില്‍ എത്തിച്ചതായിരുന്നു.

ഷോര്‍ട് സര്‍ക്യൂട്ട് ആകാം അപകടകാരണം എന്നാണു നിഗമനം. വിശദമായ പരിശോധനയില്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ.