തിരുവനന്തപുരം ∙ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുര്‍മുവിന് കേരളത്തില്‍നിന്ന് ഒരു വോട്ടു ലഭിച്ചതിന്റെ ഞെട്ടലിലാണ് കേരളത്തിലെ ഇടതു–വലതു മുന്നണികൾ. ക്രോസ് വോട്ട് ചെയ്തത് ആരെന്നു കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഇരുമുന്നണികളും പരസ്പരം വലിയതോതിൽ പഴിചാരാന്‍ തയ‌ാറായില്ല. അതേസമയം, പാര്‍ട്ടിക്ക് നിയമസഭാംഗമില്ലാത്ത കേരളത്തില്‍നിന്ന് വോട്ടുകിട്ടിയത് ബിജെപി ആയുധമാക്കി. ക്രോസ് വോട്ടിങ് ആകസ്മികമല്ലെന്നും രണ്ടു വോട്ട് കിട്ടുമെന്നാണ് കരുതിയതെന്നും ബിജെപി അവകാശപ്പെട്ടു.

എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് ഒരു വോട്ടു പോലും ലഭിക്കാത്ത സംസ്ഥാനമാകും കേരളം എന്നാണ് ഇരുമുന്നണി നേതാക്കളും തിരഞ്ഞെടുപ്പിനു മുൻപ് പറഞ്ഞിരുന്നത്. കേരളത്തില്‍ നിന്നുള്ള 140 എംഎല്‍എമാരുടെയും വോട്ട് യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാൽ, ഇതു പാളിയത് എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ തിരിച്ചടിയായി.

സംയുക്ത സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാതെ പൊതുശത്രുവായ ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തത് ആരെന്ന ഊഹാപോഹം പോലും പരസ്യമായി ഇരുമുന്നണികളും പറയാന്‍ തയ്യാറല്ല. എന്തായാലും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് വോട്ട് ചോരില്ലെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.

എന്നാല്‍, കേരളത്തിലെ എംഎല്‍എമാര്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചായ്‌വുള്ളവരുണ്ടെന്നു വ്യക്തമാക്കുന്നതാണ് ക്രോസ് വോട്ടിങ്ങെന്ന അവകാശവാദമാണു ബിജെപിയുടേത്. ഇരുമുന്നണികളിലും ചില സംശയങ്ങളൊക്കെയുണ്ടെങ്കിലും പരസ്പരം ചെളി വാരിയെറിയുന്നത് ബിജെപിക്കേ ഗുണം ചെയ്യൂ എന്നതിനാല്‍ മൗനത്തിലാണ് ഇരുകൂട്ടരും.