ദോഹ: ബിജെപി വക്താവ് നൂപുർ ശർമ്മയുടെ നബി നിന്ദയ്ക്കെതിരെ അറബ് രാജ്യങ്ങളില്‍ നിന്നും വിമർശനം ശക്തമാവുന്നതിനിടെ ഖത്തർ എയർവേയ്‌സിനെ ബഹിഷ്‌കരിക്കൂ (#boycottqatarairways) ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്റാവുന്നു. നുപുർ ശർമ്മയുടെ പ്രസ്താവനയ്ക്കെതിരെ ഖത്തർ വിമർശനം ശക്തമാക്കിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം. ഹിന്ദു ദൈവങ്ങളെ അപമാനിച്ച എംഎഫ് ഹുസൈന് പൗരത്വം നൽകിയ രാജ്യം നൂപൂർ ശർമ്മയുടെ പ്രസ്താവനയുടെ പേരിൽ ഇന്ത്യയെ മതനിന്ദയുടെ പേരില്‍ ഉപദേശിക്കുകയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

ഇതോടൊപ്പമാണ് ഖത്തർ എയർവേഴ്സിന് ഇന്ത്യയില്‍ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഇന്ത്യയില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ മേഖലയില്‍ നിന്നാണ് ഇത്തരം ആവശ്യം ശക്തമായത്. ‘നമ്മുടെ രാജ്യത്ത് നിരോധിക്കാവുന്ന ഖത്തർ, അറബ്, ഇറാൻ തുടങ്ങിയ കമ്പനികളുടെ പേര് ദയവായി ഞങ്ങളോട് പറയൂ’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ഖത്തർ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഔദ്യോഗികമായി വിമർശനം അറിയിച്ചിരുന്നു. ഇന്ത്യയിലെ ഭരണകക്ഷിയിലെ ഒരു നേതാവ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ നിരാശയും അപലപനവും ഏർപ്പെടുത്തുന്നതായും ഖത്തർ അറിയിച്ചു.

അതേസമയം ആദ്യസമയത്ത് ഹാഷ് ടാഗിലുണ്ടായ അക്ഷരത്തെറ്റും വലിയ വാർത്താ പ്രാധന്യം നേടിയിരുന്നു. ഹാഷ്ടാഗിലെ Boycott എന്ന വാക്കിനെ Bycott എന്നാണ് ആദ്യം ട്വീറ്റ് ചെയ്തവർ ഉപയോഗിച്ചിരുന്നത്. രണ്ട് ലക്ഷത്തിലേറെ ട്വീറ്റുകൾ ഈ ഹാഷ്ടാഗിൽ വന്നു. ബിജെപി വക്താവ് ഗൗരവ് ഗോയൽ, ഛണ്ഡീഗഡ് ബിജെപി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയവരും ഈ ഹാഷ്ടാഗായിരുന്നു ഉദ്ദേശിച്ചത്

അതേസമയം, തങ്ങളുടെ നാലു പ്രതിവാര ഫ്ലൈറ്റുകളിലേതെങ്കിലും ഒന്നിൽ നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ എന്ന ഖത്തർ എയർവേയ്സിന്‍റെ പഴയ പരസ്യവും ഇപ്പോള്‍ വൈറലാകുന്നുണ്ട്. കമ്പനിയുടെ നാല് പ്രതിവാര വിമാനങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ എന്ന ബാനര്‍ പോസ്റ്ററാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ തന്നെ കൊടുത്തിരിക്കുന്നത്. ആര്‍ എസ് എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് നാഗ്പൂര്‍ ആണ് എന്നതാണ് ബഹിഷ്‌കരണ ക്യാംപെയ്‌നിംഗിനിടയിലെ ഖത്തര്‍ എയര്‍വേസിന്റെ പരസ്യം ശ്രദ്ധിക്കപ്പെടുന്നത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140 ല്‍ അധികം സ്ഥലങ്ങളിലേക്കുള്ള സര്‍വീസാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും ഖത്തര്‍ എയര്‍വേസ് പരസ്യത്തില്‍ പറയുന്നുണ്ട്.