ന്യൂയോർക്ക്; ബിജെപി വക്താക്കളായിരുന്ന നുപൂർ ശർമ്മയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും വിവാദ പരാമർശങ്ങളോട് പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും വേണമെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായി സംസാരിക്കവെയാണ് ഡുജാറിക് ഇക്കാര്യം വ്യക്തമാക്കിയത്.

ശർമ്മയുടെയും ജിൻഡാലിന്റെയും പരാമർശത്തെ നിരവധി ഗൾഫ് രാജ്യങ്ങൾ അപലപിച്ചിരുന്നു. “മുഹമ്മദ് നബിയെ അപമാനിക്കുന്ന ഇന്ത്യൻ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നടത്തിയ പ്രസ്താവനകളെ വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നു.” സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), അഫ്ഗാനിസ്ഥാൻ, ജോർദാൻ തുടങ്ങിയരാജ്യങ്ങളും ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. മുഹമ്മദ് നബിയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് ഇറാഖിലെ ഇന്ത്യൻ അംബാസഡറെ അധികൃതർ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

“ഇന്ത്യൻ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ വക്താവിന്റെ കൃത്യവിലോപത്തിൽ പരിശുദ്ധ പ്രവാചകൻ മുഹമ്മദിനെ അവഹേളിച്ച പരാമർശത്തെ ശക്തമായി അപലപിക്കുന്നു.” എന്ന് ഇറാഖിലെ പാർലമെന്ററി എൻഡോവ്മെന്റ് ആൻഡ് ട്രൈബ്സ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് ഖത്തർ വിദേശകാര്യ മന്ത്രാലയം ഇതേ വിഷയത്തിൽ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലിനെ വിളിപ്പിച്ചിരുന്നു. അതേ സമയം പരാമർശത്തിൽ മാപ്പ് പറയുന്നതായി ശർമ്മയും ജിൻഡാലും പറഞ്ഞു. ആരുടെയും മതവികാരം വൃണപ്പെടുത്താൻ വേണ്ടി ആയിരുന്നില്ല പരാമർശം എന്നും തങ്ങൾക്കും കുടുംബത്തിനും എതിരെ വധഭീഷണി ഉണ്ടെന്നും ഇവർ പറയുന്നു.

“സോഷ്യൽ മീഡിയകൾ വഴി തനിക്കെതിരെ വധ ഭീഷണി ഉണ്ട്. കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. തന്റെ വിലാസം ആരും പരസ്യപ്പെടുത്തരുത്” നൂപുർ പറഞ്ഞു. നേരത്തെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ബിജെപിയുടെ കത്തിൽ നുപൂറിന്റെ വിലാസം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഗ്യാൻവ്യാപി വിധിയെക്കുറിച്ച് നടത്തിയ ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ചാണ് വിവാദപരമായ പരാമർശം നൂപുർ നടത്തിയത്. നുപൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരക്ഷ ഒരുക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ നുപൂറിന്റെ പരാമർശത്തെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ അക്രമം നടന്നിരുന്നു. ഇതിൽ 40-ലധികം പേർക്ക് പരിക്കേൽക്കുകയും 1,500-ലധികം പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.