തിരുവനന്തപുരം: അനുപമക്കെതിരെ ഗുരുതര ആരോപണവുമായി അജിത്തിന്റെ മുന്‍ ഭാര്യ രംഗത്ത്. അനുപമയുടെ സമ്മതി പ്രകാരമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നാണ് അജിത്തിന്റെ ഭാര്യ പറഞ്ഞത്. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് സഹിച്ചു, വിവാഹമോചനം നല്‍കാന്‍ പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഴുതി നല്‍കിയ കാര്യങ്ങള്‍ താന്‍ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും ഞാന്‍ വായിച്ചു നോക്കിയിട്ടുണ്ടെന്നും അജിത്തിന്റെ ഭാര്യ പറഞ്ഞു.

തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു. കമ്മിറ്റിയില്‍ ഒക്കെ ഒരുമിച്ച്‌ ഇരിക്കുമ്ബോള്‍ അനുപമയും, അജിത്തും ഒരുമിച്ച്‌ ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് താന്‍ ചോദിച്ചിട്ടുമുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ താന്‍ ഇറങ്ങിപ്പോയെന്നും എന്നാല്‍ തന്റെ പേരില്‍ അജിത്ത് കുറ്റം ചാര്‍ത്തുകയായിരുന്നെന്നും അവര്‍ പറഞ്ഞു. അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല, അവള്‍ സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് തന്നോട് പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. 2011ലായിരുന്നു ഇവരുടെ കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയത്. ഇവര്‍ തമ്മിലുള്ള ബന്ധം കാരണം വീട്ടില്‍ കിടക്കാന്‍ പറ്റിയിരുന്നില്ലെന്നും അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ വീട്ടില്‍ വിളിച്ച്‌ തന്നെ വിളിച്ചു കൊണ്ട് പോകാന്‍ അജിത്ത് നിര്‍ബന്ധിച്ചുവെന്നും അവര്‍ പറഞ്ഞു.

നീതിക്കു വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ അനുപമ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. എന്റെ സമരം ഒരു പാര്‍ട്ടിക്കും എതിരസ്സെന്നും, ഒരു പാര്‍ട്ടിയുടേയും പിന്തുണയിലല്ല താന്‍ ഇവിടെ സമരത്തില്‍ നില്‍ക്കുന്നതെന്നും. സിപിഎം നേതാക്കളെ എ.കെ.ജി സെന്ററില്‍ പോയി കണ്ടതാണെന്നും അനുപമ പറഞ്ഞു. പലതവണ പരാതി ധരിപ്പിച്ചിരുന്നുവെങ്കിലും എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന സമയത്ത് പാര്‍ട്ടി നേതാക്കളാരും സഹായിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു. ഇപ്പോള്‍ കുറേ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കുന്നു. അന്ന് സംസാരിച്ച രീതിയിലല്ല ഇന്ന് പലരും സംസാരിക്കുന്നതെന്നും അനുപമ കൂട്ടിചേര്‍ത്തു. കുട്ടിയെ കൈമാറിയെന്ന് തന്റെ അച്ഛന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇപ്പോഴും ലോക്കല്‍ കമ്മിറ്റി അംഗമായും സി.ഐ.ടി.യു ഭാരവാഹിയായും തുടരുകയാണ്. അതിനര്‍ഥം പാര്‍ട്ടി അച്ഛനെ പിന്തുണയ്ക്കുന്നു എന്നതാണ്. എന്തുകൊണ്ടാണ് പാര്‍ട്ടി അച്ഛനെതിരേ നടപടി സ്വീകരിക്കാത്തതെന്നും അനുപമ ചോദിച്ചു. ആന്ധ്രയിലേക്കാണ് ദത്ത് പോയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ തനിക്കിപ്പോഴുണ്ടെന്നും അനുപമ പറഞ്ഞു. തന്റെ കുഞ്ഞ് വളരേണ്ടത് തന്നോടൊപ്പമാണെന്നും കുഞ്ഞിനെവതിരിച്ച്‌ കിട്ടാന്‍ ഏതറ്റവും വരെ പോകുമെന്നും അുപമ അന്ന് പറഞ്ഞിരുന്നു.