തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുക്കാനാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2020-ല്‍ തന്നെ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നതായി വിവരം. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹറയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.മോന്‍സണിന്റെ ഇടപാടുകളില്‍ വലിയ ദുരൂഹതയുണ്ട്.

ഉന്നതരായ ഒട്ടേറെ പേരുമായി ഇയാള്‍ ബന്ധംപുലര്‍ത്തുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വില്‍പനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസന്‍സ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.വിദേശത്തടക്കം ഇയാള്‍ക്ക് സാമ്ബത്തിക ഇടപാടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മോന്‍സണിന്റെ പിതാവ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് മോന്‍സണിന്റെ സഹോദരനാണ് പിന്നീട് ഈ ജോലി ലഭിച്ചത്.

പ്രൈമറി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കന്യാസ്ത്രീ ആയിരുന്ന യുവതിയെ ആണ് വിവാഹം ചെയ്തതെന്നുമടക്കം റിപ്പോര്‍ട്ടിലുണ്ട്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയവ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം. എന്നാല്‍ ഈ വസ്തുക്കളെല്ലാം നിര്‍മ്മിച്ചത് ചേര്‍ത്തലയിലുള്ള ആശാരിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പത്താംക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഈ സിംഹാസനത്തില്‍ ഇരുന്നവരില്‍ മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുതല്‍ പേളി മാണി വരെയുള്ളവര്‍ ഉണ്ട്. നവ്യ നായര്‍, ബാല, ടോവിനോ , ശ്രീനിവാസന്‍ , തുടങ്ങി നിരവധി പേരാണ് ഇവിടുത്തെ സന്ദര്‍ശകര്‍.