തിരുവനന്തപുരം: ആന്ധ്ര​-ഒഡിഷ തീരത്ത് രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റും ബംഗാള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റും കേരളത്തിലും കനത്ത മഴയ്ക്ക് കാരണമായിരുന്നു. സെപ്തംബര്‍ 25 മുതല്‍ ഗുലാബ് ചുഴലിക്കാറ്റിന്‍റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ അനുഭവപ്പെട്ടിരുന്നു. ഗുലാബ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയ്ക്കും കുറവുണ്ട്. ഒരു ചുഴലിക്കാറ്റ് രൂപപ്പെടുമ്ബോഴേക്കും എങ്ങിനെയാണ് ആ ചുഴലിക്കാറ്റിന് പേരു വരുന്നത് എന്ന് എല്ലാവരും ആലോചിക്കുന്നവരുണ്ടാകും. കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും പെട്ടെന്ന് തിരിച്ചറിയാനും പൊതുജനങ്ങളിലെത്തിക്കാനും വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്.

‘ഗുലാബ്’ ചുഴലിക്കാറ്റിന് പാകിസ്ഥാനാണ് പേര് നിര്‍ദ്ദേശിച്ചത്. ‘ഗുലാബ്’ എന്ന വാക്കിന് റോസ് എന്നാണ് അര്‍ത്ഥം. ഐഎംഡിയുടെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്‌, ‘ഗുല്‍-ആബ്’ എന്നാണ് ഉച്ചരിക്കേണ്ടത്. ലോക കാലാവസ്ഥാ സംഘടനയും (ഡബ്‌ള്യൂ എം ഓ) യുഎന്നിന്റെ എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും (എസ്‌കാപ്പ്) ചേര്‍ന്നാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം ആരംഭിക്കുന്നത്. മൊത്തം ഭൂമിയെ 9 മേഖലകളായി തിരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്‌ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്‌ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്‌ലാന്റിക് എന്നിവയാണ് ഈ മേഖലകള്‍.

2004 -ലാണ് ഇതിന്റെ നടപടിക്രമത്തിന് അംഗീകാരം കിട്ടുന്നത്. ഈ നാമകരണം നിയന്ത്രിക്കുന്നത് ‘WMO/ESCAP (World Meteorological Organisation/United Nations Economic and Social Commission for Asia and the Pacific)’ എന്ന പേരില്‍ എട്ടു രാജ്യങ്ങളും പങ്കുചേര്‍ന്നുള്ള ഒരു സമിതിയാണ്. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവയാണ് ആ സമിതിയിലെ അംഗരാജ്യങ്ങള്‍. നാമകരണം തുടങ്ങിയ ശേഷം 2004-ല്‍ ഉണ്ടായ ആദ്യത്തെ ചുഴലിക്കാറ്റിന് പേരിട്ടത് ബംഗ്ലാദേശാണ് ഒനീല്‍ എന്നായിരുന്നു ആ ചുഴലിക്കാറ്റിന്റെ പേര്.

ശാന്തമഹാസമുദ്രത്തില്‍ ടൈഫൂണ്‍, അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ ഹറിക്കെയ്ന്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈക്ലോണ്‍ – എന്നിങ്ങനെ പല പേരുകളിലാണ് ലോകത്തെമ്ബാടും ചുഴലിക്കാറ്റുകള്‍ അറിയപ്പെട്ടിരുന്നത്. കൊടുങ്കാറ്റുകളുടെ വേഗം മണിക്കൂറില്‍ 74 മൈല്‍ കടന്നാല്‍ അവയെ ടൈഫൂണ്‍/ഹറിക്കെയ്ന്‍/സൈക്ലോണ്‍ ഇവയില്‍ ഒരു പേര് കൈവന്നിരുന്നു എങ്കിലും, അവയ്ക്ക് ഇന്ന് കാണുന്നത് പോലുള്ള പേരുകളിടുന്ന പരിപാടി തുടങ്ങിയിട്ട് അധികമായിട്ടില്ല.

ചുഴലിക്കാറ്റിന് പേര് നിര്‍ദ്ദേശിക്കുമ്ബോള്‍ രാഷ്ട്രീയത്തെയോ, രാഷ്ട്രീയ വിശ്വാസധാരകളെയോ, മത വിശ്വാസത്തെയോ, സംസ്കാരത്തെയോ, ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തെയോ സൂചിപ്പിക്കുന്നതാവരുത്. ലോകത്തെവിടെയുമുള്ള ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്. ക്രൂരത തോന്നിക്കതുമാവരുത്. ചെറുതും ഉച്ചരിക്കാന്‍ താരതമ്യേന എളുപ്പമുള്ളതും ആകണം. എട്ടക്ഷരങ്ങളാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. പേരിനൊപ്പം ഉദ്ദേശിക്കുന്ന ഉച്ചാരണം വോയ്‌സ് ഫയല്‍ ആയി സമിതിക്ക് നല്‍കണം. പേരുകള്‍ ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇന്ത്യ ഇക്കഴിഞ്ഞ കുറേക്കാലത്തിനിടെ നിര്‍ദേശിച്ച പേരുകള്‍ : ഗതി, തേജ്, മുരശ്, ആഗ്, വ്യോമ, ജോര്‍, ഝോര്‍, പ്രോബാഹോ, നീര്‍, പ്രഭഞ്ജന്‍, ഗുര്‍ണി, അംബുദ്, ജലധി, വേഗ എന്നിവയാണ്.