ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം പിറന്നാള്‍ പ്രമാണിച്ച്‌ ഇന്ന് രാജ്യത്താകമാനം നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1.5 കോടി പിന്നിട്ടു. 3:30ഓടെ 1.5 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായാണ് കൊവിന്‍ ആപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.

മുന്‍പും ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ രാജ്യത്ത് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 1.5 കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കണമെന്നാണ് ബിജെപി ഉദ്ദേശിക്കുന്നതെങ്കിലും നിലവിലെ വേഗമനുസരിച്ച്‌ 24 മണിക്കൂറില്‍ രണ്ട് കോടിയിലേറെ ഡോസ് വാക്‌സിനുകള്‍ നല്‍കുമെന്ന് ഉറപ്പാണ്. ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പാര്‍ട്ടി ആരോഗ്യ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ടാണ് വാക്‌സിന്‍ യജ്ഞത്തില്‍ ഏകോപനം നടത്തുന്നത്.

കൊവിഡില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ കഠിനപ്രയത്നം ചെയ്യുന്ന പ്രധാനമന്ത്രിയ്‌ക്ക് ശ്രദ്ധേയമായ ആദരവാണ് ഈ യ‌ജ്ഞത്തിലൂടെ പാര്‍ട്ടി നല്‍കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. പ്രധാനമന്ത്രി രാവും പകലും പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സുരക്ഷയ്‌ക്കായി ചെയ്യുന്നതിലും പ്രത്യേകത വേറെന്തിനാണുള‌ളതെന്നും അദ്ദേഹം ചോദിച്ചു. വ്യാഴാഴ്‌ച വരെ ഇന്ത്യയില്‍ വാക്‌സിന്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 77 കോടി പിന്നിട്ടു.