വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചും വിവാഹം ഒരു കൂദാശയാണെന്നും, കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടതായതിനാല്‍ കൂദാശകളില്‍ മാറ്റം വരുത്തുവാന്‍ സഭയ്ക്കു അധികാരമില്ലെന്നു ഓര്‍മ്മിപ്പിച്ചും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെപ്റ്റംബര്‍ 15ന് സ്ലോവാക്യയില്‍ നിന്നും റോമിലേക്ക് മടങ്ങുന്ന വഴി വിമാനത്തിനുള്ളില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ സ്വവര്‍ഗ്ഗ ബന്ധം വിഷയവും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ടുള്ള നിലപാടും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ചുള്ള സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയത്തേക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി നല്‍കുകയായിരുന്നു പാപ്പ.

ഇക്കാര്യത്തേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുള്ളതല്ലേയെന്ന് ആമുഖമായി പറഞ്ഞ പാപ്പ, വിവാഹവും, ദാമ്പത്യവും ഒരു കൂദാശയാണെന്നും, കര്‍ത്താവിനാല്‍ സ്ഥാപിക്കപ്പെട്ടവയായതിനാല്‍ സഭക്ക് കൂദാശകളില്‍ മാറ്റം വരുത്തുവാന്‍ കഴിയില്ലെന്നുമാണ് ആവര്‍ത്തിച്ചത്. സ്വവര്‍ഗ്ഗപങ്കാളികളെ സഹായിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെങ്കിലും വിവാഹം, വിവാഹം തന്നെയാണെന്ന് പാപ്പ പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗികളെ നിന്ദിക്കരുതെന്നും, അവരും നമ്മുടെ സഹോദരീസഹോദരന്‍മാര്‍ തന്നെയാണെന്നും, അവരെ ഉപേക്ഷിക്കരുതെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.

അതേസമയം വിവാഹം ഒരു കൂദാശയാണെന്നത് വ്യക്തമായ കാര്യമാണ്. സ്വവര്‍ഗ്ഗാനുരാഗികളായ നിരവധി പേര്‍ കുമ്പസ്സാരത്തിനും, ഉപദേശത്തിനുമായി പുരോഹിതരെ സമീപിക്കാറുള്ളതും, അവരുടെ ജീവിതത്തില്‍ മുന്നേറുവാന്‍ സഭ അവരെ സഹായിക്കാറുള്ളതും ചൂണ്ടിക്കാട്ടിക്കൊണ്ട്, വിവാഹമെന്ന കൂദാശ ഇതില്‍ നിന്നും വ്യത്യസ്തമായൊരു കാര്യമാണെന്ന് പാപ്പ പറഞ്ഞു. ഗർഭഛിദ്ര അനുകൂലികളായ രാഷ്ട്രീയനേതാക്കൾക്ക് ദിവ്യകാരുണ്യം നിഷേധിക്കണമെന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കത്തോലിക്ക സഭയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോൾ, പാപ്പ ഗര്‍ഭഛിദ്രത്തെ അസന്നിഗ്ദമായി തള്ളി പറഞ്ഞു തിരുസഭയുടെ പാരമ്പര്യം ആവര്‍ത്തിച്ചുവെന്നതും ശ്രദ്ധേയമാണ്.

ഗര്‍ഭഛിദ്രം കൊലപാതകമാണ്,ശാസ്ത്രീയമായി ഇതൊരു മനുഷ്യ ജീവിതമാണ്. പാഠപുസ്തകങ്ങൾ അത് നമ്മെ പഠിപ്പിക്കുന്നു. ഗർഭഛിദ്രത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ലായെന്നും സഭ അത് അംഗീകരിച്ചാൽ കൊലപാതകത്തെ അംഗീകരിക്കലാകുമെന്നും പാപ്പ പറഞ്ഞു. നാളുകളായി ഫ്രാന്‍സിസ് പാപ്പ സ്വവര്‍ഗ്ഗ ബന്ധത്തിന് കൗദാശികമായ അനുമതി നല്കുവാന്‍ ഒരുങ്ങുകയാണെന്ന് പ്രചരണം നടക്കുന്നുണ്ടായിരിന്നു. ഇക്കാര്യത്തില്‍ തിരുസഭയുടെ പാരമ്പര്യം ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വിഷയത്തിലുള്ള കുപ്രചരണം താത്ക്കാലികമായെങ്കിലും അവസാനിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.