ജോളി എം. പടയാട്ടില്‍

ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി ഏറെ ത്യാഗം അനുഭവിച്ചിട്ടുള്ള മഹാരഥന്‍മാരാല്‍ സമ്പന്നമായിരുന്ന പാര്‍ട്ടിയാണു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. എന്നാല്‍ ഇന്നു ആ പാര്‍ട്ടി അതിന്റെ അസ്ഥിത്വം തന്നെ അപകടത്തിലായേക്കാവുന്ന അതിസങ്കീര്‍ണ്ണവും, നിര്‍ണ്ണായകവുമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

1885 ഡിസംബര്‍ 28-ാം തീയതി രൂപം കൊണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, എ.ഒ. ഹ്യൂം, ദാദാബായി നവറോജി, ഡബ്ല്യു.സി. ബാനര്‍ജി, ഗോഖലെ, മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, നേതാജി സുഭാഷ് ചന്ദ്രബോസ്, ആസാദ്, പട്ടേല്‍, ഇന്ദിരാഗാന്ധി തുടങ്ങിയ മഹാരഥന്‍മാരാലാണ് നയിക്കപ്പെട്ടത്. 1924 ആണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്. ഇന്നു ഇന്ത്യയില്‍ നിലവിലുള്ള വിവിധ പാര്‍ട്ടികളുടെ അമരത്ത് ഇരിക്കുന്നവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ കടന്നുവന്നവരാണ്. കമ്മ്യൂണിസ്റ്റ് ആചാര്യനായ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടുപോലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

എന്നാല്‍ ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍ മുങ്ങിതാഴുന്ന പാര്‍ട്ടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധഃപതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്കകത്തുള്ള ഗ്രൂപ്പുകള്‍ ആ പാര്‍ട്ടിയുടെ ശാപമായി മാറി സര്‍വ്വനാശത്തിലേക് പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നു. ഗ്രൂപ്പുവൈര്യവും, ഗ്രൂപ്പു നേതാക്കളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ആക്രാന്തവും കൊണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നു തന്നെ തുടച്ചു മാറ്റപ്പെടുമോയെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയോടു താല്പര്യമില്ലാത്തവര്‍പോലും ആ പാര്‍ട്ടിയുടെ സര്‍വ്വനാശം കാണുവാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. കാരണം ഒരു കാലത്തു ജനകോടികളെ ഒരു കൊടിക്കീഴില്‍ അണി നിരത്തി ഭാരതത്തെ, സാമ്രാജ്യത്വ അടിമത്വത്തില്‍ നിന്നു മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്നു മഹാത്മാഗാന്ധി ആവശ്യപ്പെട്ടെങ്കിലും ശക്തരായ നേതാക്കളുടെ കീഴില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി തളരാതെ വളരുകയായിരുന്നു.

ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എന്നും ഉണ്ടായിരുന്നെങ്കിലും അന്നുണ്ടായിരുന്ന ഗ്രൂപ്പുകളൊന്നും ഇന്നത്തെപോലെയുള്ള ഗ്രൂപ്പുകളായിരുന്നില്ല. ജനങ്ങള്‍ക്ക് അസഹനീയമായ രീതിയിലായിരുന്നില്ല അവര്‍ പ്രവര്‍ത്തിച്ചിരുന്നതും. ആദര്‍ശങ്ങളോടുള്ള ആദരവു കൊണ്ടുണ്ടാക്കുന്ന ഗ്രൂപ്പുകളായിരുന്നത്. അധികാരത്തിനോടുള്ള ആര്‍ത്തിക്കൊണ്ടുണ്ടാക്കിയ ഗ്രൂപ്പുകളോ, വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുണ്ടാക്കിയ ഗ്രൂപ്പുകളായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ഗ്രൂപ്പിന്റെ പേരില്‍ നിരവധി പിളര്‍പ്പുകളുണ്ടായെങ്കിലും പാര്‍ട്ടി ഇല്ലാതായില്ല. ആചാര്യ കൃപാലിനി, സി. രാജഗോപാലാചാര്യ തുടങ്ങിയവരെല്ലാം ഗ്രൂപ്പുവൈര്യം കൊണ്ടു കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്നവരാണ്. നെഹ്രു, പട്ടേല്‍, കെ.ഡി. മാളവ്യ, കൃഷ്ണമേനോന്‍, മൊറാര്‍ജി ദേശായി തുടങ്ങിയവര്‍ക്കെല്ലാം ഗ്രൂപ്പുകളുണ്ടായിരുന്നു.

കാലവും ലോകവും മാറി, രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ജനങ്ങളുടെ സമീപനത്തിനും മാറ്റങ്ങള്‍ വന്നു. ഇതു തിരിച്ചറിയാത്ത പാര്‍ട്ടികളില്‍ നിന്നു ജനങ്ങള്‍ കൊഴിഞ്ഞുപോകും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു താല്പര്യങ്ങളനുസരിച്ചു മുന്നോട്ടു പോകുവാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിനു അനവധി കാരണങ്ങളുണ്ടെങ്കിലും ഗ്രൂപ്പുവൈര്യവും, ശക്തമായ നേതൃത്വത്തിന്റെ അഭാവവുമാണ് പ്രധാനകാരണങ്ങള്‍. കാലത്തിനനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തീരുമാനങ്ങളും നടപടികളുമെടുത്തു മുന്നോട്ടുപോകുവാന്‍ പാര്‍ട്ടിക്കു കഴിയണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ മുഴുവന്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് എന്ന വടവൃക്ഷം താമസിയാതെ തന്നെ കടപുഴകി വീഴും.
കുടുംബവാഴ്ചയെന്നൊക്കെ പറഞ്ഞു കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുന്നവരുണ്ടെങ്കിലും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വടക്കു-തെക്കു, കിഴക്കു-പടിഞ്ഞാറു വ്യത്യാസങ്ങളില്ലാതെ എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ നെഹ്രു കുടുംബത്തിന്റെ പിന്തുണയോ, സജീവ സാന്നിധ്യമോയില്ലാതെ അസാധ്യമായിരിക്കും. ഇതാണു മുന്‍കാല അനുഭവങ്ങള്‍ കാണിച്ചു തരുന്നത്. നെഹ്രു കുടുംബത്തെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ശ്രമിച്ചപ്പോഴൊക്കെ ജനങ്ങള്‍ അവരെ തള്ളികളയുകയാണുണ്ടായത്. നിജലിംഗപ്പ, മൊറാര്‍ജി ദേശായി തുടങ്ങിയവരെല്ലാം ഇങ്ങനെ ശ്രമിച്ചു പരാജയപ്പെട്ടവരാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന അടിയന്ദിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ മാറ്റി നിര്‍ത്തി, കോണ്‍ഗ്രസ്സിനെ നയിക്കുവാന്‍ വൈബി ചവാന്‍, ശരത്പവാര്‍, ബ്രഹ്മാനന്ദറെഡി. ദേവരാജ് അരശ് തുടങ്ങിയവര്‍ ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ അവരെ ഉള്‍ക്കൊള്ളുവാന്‍ തയ്യാറായില്ലെന്നോര്‍ക്കണം.
സോണിയഗാന്ധി കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് കടന്നുവരുവാന്‍ മടിച്ചു നിന്നപ്പോള്‍ കോണ്‍ഗ്രസിനുണ്ടായ പതനം ആരുമറന്നാലും കോണ്‍ഗ്രസുകാര്‍ക്ക് മറക്കാനാവില്ല, 1997 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന സമ്മേളനത്തിലാണു സോണിയഗാന്ധി കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചതെങ്കിലും, 1991ലും 1996ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ പിന്നില്‍ നിന്നുകൊണ്ടു സോണിയ ഗാന്ധി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയായിരുന്നു. 1991 ല്‍ നരസിംഹറാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നതു സോണിയയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. പിന്നീട് നരസിംഹറാവു നെഹ്രു കുടുംബത്തിനെതിരെ തിരിഞ്ഞുപരാജയം സ്വയം ഏറ്റുവാങ്ങിയതും നാം കണ്ടതാണ്.

പ്രധാനമന്ത്രിയും, പാര്‍ട്ടി അധ്യക്ഷനായിരുന്നിട്ടുപോലും നരസിംഹറാവുവിനു പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞില്ലായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കീഴില്‍ ഒന്നിച്ചു നില്‍ക്കാനുള്ള അച്ചടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിച്ചില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുകയും, റാവുവിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തപ്പോള്‍ കേസരിയെ കോണ്‍ഗ്രസിന്റെ തലപ്പത്ത് കൊണ്ടുവന്നെങ്കിലും കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കോണ്‍ഗ്രസ്സിനെ രക്ഷിക്കാനായത്, 1998-ല്‍ സോണിയ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളില്‍ (2004, 2009) കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുവാന്‍ സോണിയയുടെ നേതൃത്വത്തിനു കഴിഞ്ഞു. അധികാരമോഹങ്ങളില്ലാതെയാണ് സോണിയ ഗാന്ധി കോണ്‍ഗ്രസിനെ നയിച്ചത്. 2017ല്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുത്തപ്പോള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നു പിന്‍മാറുകയാണെന്ന് സോണിയാഗാന്ധി പറഞ്ഞെങ്കിലും രാഹുല്‍ഗാന്ധിയുടെ രാജിക്കുശേഷം സോണിയഗാന്ധിക്കു വീണ്ടും പാര്‍ട്ടി നേതൃത്വത്തില്‍ തുടരേണ്ടി വന്നു.

രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുത്തതിനുശേഷം നടന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതുകൊണ്ടു അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ടാണു രാഹുല്‍ പ്രസിഡന്റ് പദം ഒഴിഞ്ഞത്. എങ്ങനെയെങ്കിലും അധികാരത്തില്‍ കുടിയിരിക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയനേതാക്കള്‍ ഇതു മാതൃകയായി കാണേണ്ടതിനുപകരം അദ്ദേഹത്തെ ആക്ഷേപിക്കുവാനാണ് ശ്രമിച്ചത്. 2019 മെയ് 25-ാം തീയതി കൂടിയ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതസമിതിയായ വര്‍ക്കിംഗ് കമ്മിറ്റിയിലാണ് രാഹുല്‍ തന്റെ രാജി അറിയിച്ചത്. പാര്‍ട്ടി ക്ഷയിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടി പദവികളില്‍ നിന്നൊഴിഞ്ഞുകൊടുക്കാന്‍ തയ്യാറാകാത്ത നേതാക്കള്‍ ഇതു അംഗീകരിക്കാന്‍ തയ്യാറായില്ല. നെഹ്രു കുടുംബത്തിനുവെളിയില്‍ നിന്നൊരാളെ പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്.

നെഹ്രു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളെ, രാഹുല്‍ഗാന്ധിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയാണ് വേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇന്നത്തെ അവസ്ഥയിലേക്ക് വരുമായിരുന്നില്ല. പ്രസിഡന്റ് പദം അലങ്കരിക്കുവാന്‍ യോഗ്യതയുള്ള ധാരാളം നേതാക്കന്‍മ്മാരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നോര്‍ക്കണം. അവരെല്ലാം ഇന്നു ആ പാര്‍ട്ടിയില്‍ നിന്നകന്നുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. തെരഞ്ഞെടുപ്പു ഗോദായിലിറങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഇടത്തും വലത്തുനിന്നും ശക്തമായി പിന്തുണ നല്‍കികൊണ്ടിരുന്ന യുവനേതാക്കളായിരുന്നു ജ്യോതിരാദിത്യസിന്ധ്യയും, സച്ചിന്‍ പൈലറ്റും ഇതില്‍ ജ്യോതിരാദിത്യ സിന്ധ്യ ഇന്നു ബി.ജെ.പി.യുടെ കേന്ദ്രമന്ത്രിയാണ്. ഭാരതത്തിന്റെ ഹൃദയഭൂമിയിലെ പ്രസരിപ്പുള്ള യുവമുഖങ്ങളാണിവരെല്ലാം. യുവനേതാക്കളുടെ ചിന്താഗതിയും, ആശയ സംവാദനരീതിയും പാര്‍ട്ടിയിലെ പഴയ തലമുറനേതാക്കളേക്കാള്‍ വ്യത്യസ്തമായിരിക്കും. ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ സംസ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ പ്രൊഫഷണലുകളാണിവരില്‍ പലരും. ഇവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ, പോകുന്നെങ്കില്‍ പോകട്ടേയെന്ന ചിന്തിക്കുന്ന നേതാക്കളുള്ള ഉപദേശക സമിതിയാണ് ഹൈക്കമാന്റിനെ നിയന്ത്രിക്കുന്നതെങ്കില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനോ, കോണ്‍ഗ്രസിനെ പുനര്‍ജീവിപ്പിക്കാനോ കഴിയില്ല.

താന്‍ ഉയര്‍ത്തികൊണ്ടുവന്ന പല വിഷയങ്ങളിലും തനിക്കു പിന്തുണ നല്‍കുവാനോ, അതു ജനങ്ങളിലേക്കെത്തിക്കുവാനോ, പ്രചരണവിഷയമാക്കാനോ മുതിര്‍ന്ന നേതാക്കളില്‍ പലരും തയ്യാറായില്ലെന്നു രാഹുല്‍ പരാതിപ്പെട്ടിരുന്നു. ഈ നേതാക്കളില്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന് പി. ചിദംബരം, അശോക് ഗെഹ്‌ലോത്തു, കമല്‍നാഥ് തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ മക്കള്‍ക്ക് സീറ്റ് ഉറപ്പിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്തു പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന് രാഹുല്‍ തുറന്നു പറഞ്ഞിരുന്നു. വിരോധാഭാസമെന്നു പറയട്ടേ ഈ നേതാക്കളുള്‍പ്പെട്ട കോണ്‍ഗ്രസിലെ ഇരുപതിലേറെ മുതിര്‍ന്ന നേതാക്കളാണ് ഈ അടുത്ത കലത്ത് പാര്‍ട്ടിയിലെ അനിശ്ചിതാവസ്ഥ മാറ്റണമെന്നാവശപ്പെട്ട് ഹൈക്കമാന്റിന് കത്ത് നല്‍കിയത്. 2019-ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വിജയത്തിനു നിര്‍ണ്ണായക പങ്കു വഹിച്ചത് പുതുതലമുറക്കാരായ വോട്ടര്‍മാരാണെന്നാണ് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്.

നെഹ്രുവിന്റെ കാലഘട്ടത്തിലും നെഹ്രുകുടുംബത്തില്‍ നിന്നല്ലാത്തവര്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നിട്ടുണ്ട്. 1964-1967 വരെ കാമരാജായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ്. കാമരാജിലൂടെ അന്ന് കോണ്‍ഗ്രസിന് പുതിയൊരു മുഖച്ഛായ ഉണ്ടാക്കുവാനും കഴിഞ്ഞിരുന്നു. 1962-ല്‍ അപ്രതീക്ഷിതമായി ചൈനയില്‍ നിന്നേല്‍ക്കേണ്ടിവന്ന പ്രഹരത്തില്‍ നെഹ്രുവിനെതിരെ കോണ്‍ഗ്രസ്സില്‍ വെല്ലുവിളി ഉയര്‍ന്നപ്പോള്‍ അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി വെല്ലവിളിയെ നേരിടുകയാണ് നെഹ്രു ചെയ്തത്. അതിലൂടെ കോണ്‍ഗ്രസ് തളരുകയല്ല, വളരുകയാണ് ഉണ്ടായത്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ പദവികള്‍ രാജിവെച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനാണ് പ്രസിഡന്റ് പദം ഏറ്റെടുത്ത ഉടനെ കാമരാജ് ആവശ്യപ്പെട്ടത്. അതനുസരിച്ച് കാശ്മീര്‍, ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി, ജഗജീവന്‍ റാം തുടങ്ങി കേന്ദ്രമന്ത്രിമാരും ഒരു മടിയുമില്ലാതെ രാജി വെച്ചു. പ്രധാനമന്ത്രിപദം ഒഴിയാന്‍ തയ്യാറായ നെഹ്രുവിനെ തടഞ്ഞുകൊണ്ടു കാമരാജ് പറഞ്ഞത് നെഹ്രു അമരത്തില്ലാത്ത ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ ആലോചിക്കാനാവില്ലെന്നായിരുന്നു. നെഹ്രുവിനെതിരെ വിമര്‍ശനങ്ങളുന്നയിച്ചവര്‍ പോലും അന്ന് ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കുകയാണ് ചെയ്തത്. കുടുംബ പ്രാരാബ്ധങ്ങള്‍ കൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനാവാതെ വീടു പുലര്‍ത്താന്‍ അമ്മയ്‌ക്കൊപ്പം പണിയെടുക്കാന്‍ പോലും പോകേണ്ടി വന്നിരുന്ന ആളായിരുന്നു കാമരാജ്. ഈ പയ്യനാണ് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിങ്‌മേക്കറായി കോണ്‍ഗ്രസിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുത്തത്. കോണ്‍ഗ്രസിനുള്ളിലെ ശുദ്ധികലശത്തിന് കാമരാജിന് നെഹ്രുവിന്റെ പൂര്‍ണ്ണപിന്തുണയുണ്ടായിരുന്നു.
പക്വതയാര്‍ന്ന ഒരു നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെല്ലാം രാഹുല്‍ ഗാന്ധിയിലുണ്ട്. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് നെഹ്രു കുടുംബത്തില്‍ നിന്നല്ലാത്ത ഒരു നേതാവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുകയാണു വേണ്ടത്. കോണ്‍ഗ്രസ് പ്രസിഡന്റാവാന്‍ യോഗ്യതയുള്ള ഏറ്റവും അനുയോജ്യരായ നേതാക്കളിലൊരാളാണ് ശശി തരൂര്‍. ദേശീയതലത്തിലും, ആഗോളതലത്തിലും കോണ്‍ഗ്രസിനു പുതിയൊരു മുഖച്ഛച്ഛായയുണ്ടാക്കവാന്‍ ശശി തരൂരിലൂടെ കഴിയും. നെഹ്രു കുടുംബത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയായ ശശി തരൂര്‍, നരസിംഹറാവുവിനെപോലെ അധികാരം കിട്ടിയാല്‍ നെഹ്രു കുടുംബത്തെ മാറ്റി നിര്‍ത്തുമെന്നു ഭയപ്പെടേണ്ടതില്ല. ദേശീയ തലത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ അറിപ്പെടുന്ന ചുരുക്കം ചില ഇന്ത്യാക്കാരില്‍ ഒരാളാണ് അദ്ദേഹം.

പ്രാദേശിക പാര്‍ട്ടികള്‍ക്ക് ദേശീയതലത്തില്‍ പ്രാമുഖ്യം ലഭിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് ഇന്ന് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് അപകടകരമാണ്. അധികാരത്തിനും പ്രാദേശികതാല്പര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന അവസരവാദ രാഷ്ട്രീയക്കാര്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രാദേശിക പാര്‍ട്ടികള്‍. ഇവര്‍ ദേശീയതലത്തില്‍ അധികാരത്തില്‍ വന്നാല്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി വിഗതികള്‍ മാറ്റുമെന്നു മാത്രമല്ല, ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കിയേക്കാം. ദേശീയപ്രതിബദ്ധയില്ലാതെ എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കുവാനുളള തത്രപ്പാടില്‍ അതുവരെ ഘോരഘോരമായി പ്രസംഗിച്ചു നടന്ന ആദര്‍ശങ്ങള്‍ക്കും, പുരോഗമനാശയങ്ങള്‍ക്കും ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമുണ്ടാകില്ല. ഈ പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ അത് ഭാരതത്തിനുണ്ടാക്കുന്ന മുറിവുകള്‍ പ്രവചനാതീതമായിരിക്കും. ബദ്ധവൈരികളായ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ ശത്രുതയെല്ലാം മറന്ന് സഖ്യങ്ങളുണ്ടാക്കുകയും, തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ അധികാരത്തിന്റെ അപ്പകഷണത്തിന്റെ പിന്നാലെ പായുകയും ചെയ്യുന്നത് ഇന്നു സാധാരണയാണ്. ഇവര്‍ ദേശീയതലത്തില്‍ അധികാരത്തില്‍ വന്നാല്‍ ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്കാവുമെന്ന് പറയാനാവില്ല. അങ്ങനെവന്നാല്‍ ഒരുപക്ഷേ രാജ്യം സ്വാതന്ത്ര്യത്തിനു മുന്‍പുണ്ടായിരുന്ന പഴയ നാട്ടുരാജ്യങ്ങള്‍ പോലെ വീണ്ടും വിഭജിക്കപ്പെട്ടുവെന്നും വരാം.
ഇന്ത്യന്‍ ജനാധിപത്യം കരുത്താര്‍ജ്ജിച്ചു, സജീവമായി മുന്നോട്ടു പോകണമെങ്കില്‍ ശക്തമായ ഭരണപക്ഷവും, പ്രതിപക്ഷവും ഉണ്ടായിരിക്കണം. ജനാധിപത്യം വിയോജിപ്പിന്റെയും എതിര്‍പ്പിന്റെയും ഇടമാണ്. ഏതു സമയത്തും ഭരണം ഏറ്റെടക്കുവാന്‍ യോഗ്യതയുള്ള പ്രതിപക്ഷം ഉണ്ടെങ്കിലേ ഇന്ത്യന്‍ ജനാധിപത്യത്തിനു മങ്ങലേല്‍ക്കാതെ മുന്നോട്ടു പോകാന്‍ കഴിയൂ. മറിച്ചായാല്‍ പല രാജ്യങ്ങളിലും സംഭവിച്ചതുപോലെ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയും, സ്വേച്ഛാധിപത്യത്തിലേക്കു രാജ്യം വഴുതിവീഴുകയും ചെയ്യും. പ്രാദേശികപാര്‍ട്ടികള്‍ ബി.ജെ.പി.യുടേയോ, കോണ്‍ഗ്രസിന്റെയോ കീഴില്‍ അണിനിരക്കുകയാണ് വേണ്ടത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതി, മത, സാമുദായിക സംഘടനകള്‍ വലിയ സ്വാധീനം ചെലുത്തുന്നു. സാമുദായിക താല്‍പ്പര്യങ്ങളെമാത്രം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നവരാണ് സാമുദായിക സംഘടനകള്‍. ഇത്തരം സംഘടനകള്‍ തങ്ങളുടെ സമുദായത്തിന്, മറ്റു സമുദായങ്ങളേക്കാള്‍ മുന്‍ഗണനയും, മേധാവിത്വവും ആവശ്യപ്പെടും. രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി, മത സാമുദായിക പാര്‍ട്ടികളെ ഭയപ്പെട്ട് അവരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുവാന്‍ ശ്രമിച്ചാല്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളിലൊന്നായ മതേതരത്വം നഷ്‌പ്പെടും. മതേതരത്വം നഷ്ടപ്പെട്ടാല്‍ ഇന്ത്യയുടെ ഐക്യത്തെ അതു ശിഥിലമാക്കും.
ഭാരതത്തിന് ഇന്നാവശ്യം കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഉള്‍ക്കൊള്ളുന്ന ശക്തമായ ഭരണ പ്രതിപക്ഷ പാര്‍ട്ടികളാണ് വേണ്ടത്.