ബെയ്ജിംഗ് ; ചൈനയുടെ സിനോവാക് വാക്സിന്‍ സ്വീകരിച്ച 600 ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതായി തായ് ലാന്‍ഡ് .

രണ്ട് ഡോസ് സിനോവാക് വാക്സിന്‍ ലഭിച്ച 677,348 മെഡിക്കല്‍ ഓഫീസര്‍മാരില്‍ 618 പേര്‍ക്ക് രോഗം ബാധിച്ചതായി ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു നഴ്‌സ് മരിച്ചു, മറ്റൊരു മെഡിക്കല്‍ ജീവനക്കാരന്റെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ട് വാക്സിന്‍ എടുത്തിട്ടും ഫലമില്ലാത്ത സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് വിദഗ്ധ പാനല്‍ മൂന്നാമത്തെ ഡോസും ശുപാര്‍ശ ചെയ്തതായി മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനോവാക് ഒഴിവാക്കി അസ്ട്രാസെനേകയോ മറ്റേതെങ്കിലും വാക്‌സിനോ ആയിരിക്കും മൂന്നാമത്തെ ഡോസായി നല്‍കുകയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതിനുളള ശുപാര്‍ശ വൈകാതെ പരിഗണിക്കും.

ഫെബ്രുവരിക്ക് ശേഷമാണ് തായ് ലന്‍ഡിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സിനോവാക് നല്‍കി തുടങ്ങിയത്. ജൂണിലാണ് അസ്ട്രാസെനേക വാക്‌സിന്‍ രാജ്യത്ത് എത്തിച്ചു തുടങ്ങിയത്