സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി മോട്ടോര്‍വാഹനവകുപ്പിന്റെ അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ തയാറായി കഴിഞ്ഞെന്നാണ് പുറത്തുവരുന്ന പുതിയ വി‍വരങ്ങള്‍. അമിത വേഗത്തില്‍ റോഡിലൂടെ പായുന്നവരെ മാത്രമല്ല, ഇന്‍ഷുറന്‍സ് ഇല്ലാത്തതും ഉള്‍പ്പടെയുള്ള ഗതാഗത നിയമലംഘനങ്ങളും കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ക്യാമറകള്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്ബര്‍പ്ലേറ്റ് ഇല്ലാത്തവര്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തലാണ് പ്രധാനലക്ഷ്യം. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തപാല്‍മുഖേന നോട്ടീസ് നല്‍കും. പിഴയടക്കേണ്ടത് ഉള്‍പ്പെടെ മറ്റ് നിയമനടപടികള്‍ നേരിടേണ്ടിയും വരും.

റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുള്ള ക്യാമറകളാണ് ഇതിനായി റോഡുകളില്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ പ്രധാന പാതകളിലെ സ്ഥിര അപകട കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ 700 ക്യാമറകല്‍ വയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതായിയുമാണ് മോട്ടോര്‍വാഹനവകുപ്പില്‍ നിന്ന് പുറത്തുവരുന്ന വിവരം.

മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കണ്‍ട്രോള്‍റൂമുകള്‍ മുഖേനയാവും ക്യാമറകളുടെ നിയന്ത്രണം. പാലക്കാടുള്‍പ്പെടെ ആറ് ജില്ലകളിലാണ് നിലവില്‍ കണ്‍ട്രോള്‍റൂമുകളുള്ളത്. ഈ കണ്‍ട്രോള്‍റൂമുകളുടെ പ്രവര്‍ത്തനം പൂര്‍ണാവസ്ഥയിലെത്തണമെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍കൂടി പ്രവര്‍ത്തനം തുടങ്ങണം. സേഫ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. മാര്‍ച്ച്‌ മാസത്തോടെ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട്.