ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറാകാന്‍ സാധ്യത. എപ്പോള്‍ വേണമെങ്കിലും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രകൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. അതേസമയം, കൃഷി മന്ത്രിയുടെ ആവശ്യത്തോട് കര്‍ഷകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

അതേസമയം കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സുപ്രധാന നിര്‍ദ്ദേശം മുന്നോട്ടുവച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് 18 മുതല്‍ 24 മാസം വരെ മരവിപ്പിക്കണമെന്നാണ്് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിരുന്നത്. അടുത്ത മാസം മുതല്‍ ഗോതമ്ബ് പാടങ്ങളില്‍ വിളപെടുപ്പ് നടക്കുകയാണ്.

കാര്‍ഷിക നിയമം മരവിപ്പിക്കുന്നത് കര്‍ഷകരെ തിരിച്ച്‌ കൃഷിയിടങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് അമരീന്ദര്‍ സിംഗ് പറയുന്നു. സമരത്തിന് ശേഷം പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുകയാണെന്നും അമരീന്ദര്‍ സിംഗ് പറയുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.