തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിക്കേണ്ട അര്‍ഹതപ്പെട്ട ഓഫ് നിഷേധിച്ചെന്ന് ആരോപിച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിച്ചു. കേരള ഗവ. നഴ്‌സസ് യൂണിയന്‍ ( കെ.ജി.എന്‍.യു ) നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 8.30 മുതല്‍ 9.30 വരെയായിരുന്നു പ്രതിഷേധം. കെ.ജി.എന്‍.യു സംസ്ഥാന ട്രഷറര്‍ ആശ. എല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അനസ്.എസ്.എം, സെക്രട്ടറി ഗിരീഷ്. ജി.ജി, ജില്ലാ വൈസ് പ്രസിഡന്റ് ജഫിന്‍.പി. തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊവിഡ് ഡ്യൂട്ടി ഓഫ് പുനഃസ്ഥാപിക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഏഴുദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍ക്ക് നൈറ്റ് ഡ്യൂട്ടി ഓഫിന് ശേഷം വീണ്ടും പിന്നേറ്റ് തന്നെ ജോലിക്ക് കയറേണ്ട അവസ്ഥയാണെന്നാണ് പരാതി.