തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. നാളെ അര്‍ധരാത്രി വരെയാണു പണിമുടക്ക്. പാല്‍, പത്രം, ഇലക്‌ഷന്‍ ഓഫീസുകള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇന്‍ഷ്വറന്‍സ്, ബി.എസ്.എന്‍.എല്‍, കെ.എസ്.ആര്‍.ടി.സി മേഖലകളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. വ്യാപാരി വ്യവസായികള്‍ പിന്തുണ നല്‍കിയിട്ടുള്ളതിനാല്‍ വ്യാപാര സ്ഥാപനങ്ങളും കര്‍ഷകത്തൊഴിലാളികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ആ മേഖലയും പ്രവര്‍ത്തിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഐന്‍ടിയുസി അടക്കം പങ്കു ചേരുന്ന നാളത്തെ പൊതു പണിമുടക്കിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. പാര്‍ട്ടി സംസ്ഥാന ഘടകങ്ങളും പോഷക സംഘടനകളും പണിമുടക്കിനോടു സഹകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍ദേശിച്ചു.

അത്യാവശ്യങ്ങള്‍ക്കായി പോകുന്ന വാഹനയാത്രക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് രാത്രി പന്തംകൊളുത്തി പ്രകടനവും നാളെ സമരകേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡ പ്രകാരം പ്രതിഷേധസമരവും നടക്കും. ബി.എം.എസ് ഒഴികെ രാജ്യത്തെ മറ്റ് ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും.